NEWS

ഗതാഗത മന്ത്രിക്കെതിരായ വാർത്ത പ്രസിദ്ധീകരിച്ചില്ല; മനോരമയിൽ നിന്നും ലേഖകൻ രാജിവെച്ചു

കോട്ടയം:  അടിവസ്ത്ര തിരിമറി കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരായ വാർത്ത നൽകാൻ മടിച്ച മലയാള മനോരമയിൽ നിന്നും ലേഖകന്‍ രാജിവെച്ചു.

മനോരമ ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ അനില്‍ ഇമ്മാനുവേലാണ് രാജിവെച്ചത്. മനോരമ ന്യൂസിലെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ താന്‍ സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കി ഇന്നു പുലര്‍ച്ചെയാണ് കുറിപ്പിട്ടത്.

മന്ത്രിയായ ആന്റണി രാജു കോടതിയില്‍ നിന്ന് തൊണ്ടി മുതൽ എടുത്ത് കൃത്രിമം കാട്ടിയെന്ന വാർത്ത തെളിവുകളോടെ അനിലിനാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.എന്നാൽ താൻ ജോലി നോക്കുന്ന മനോരമ ഇത് കൊടുക്കാൻ തയ്യാറായില്ല. ദീര്‍ഘകാലത്തെ അന്വേഷണത്തിനൊടുവിലാണ് അദേഹം ഇക്കാര്യങ്ങള്‍ എല്ലാം കണ്ടെത്തുന്നത്. മന്ത്രിസഭയെ തന്നെ പ്രതിരോധത്തിലാക്കുന്ന ഈ തെളിവുകള്‍ അടക്കം അദേഹം വാര്‍ത്ത തയാറാക്കി നല്‍കി. എന്നാല്‍, മനോരമ ന്യൂസ് അധികൃതര്‍ തെളിവുകള്‍ അടക്കമുള്ള വാര്‍ത്ത പൂഴ്ത്തുകയായിരുന്നു.

അതോടെ എല്ലാ തെളിവുകളുമടക്കം ലേഖകന്‍ വാര്‍ത്ത ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു. ഇതെടുത്ത് ഏഷ്യാനെറ്റ് ന്യൂസ് വലിയ വാര്‍ത്തയാക്കുകയും ചെയ്തു. എന്നിട്ടും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മനോരമ തയാറായില്ല.തുടർന്നാണ് ലേഖകൻ രാജിവെച്ചത്.

അനില്‍ ഇമ്മാനുവേല്‍ മനോരമ ന്യൂസിന്റെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

നേരിട്ടൊരു യാത്ര പറച്ചിലിന് അവസരമില്ല, പടിയിറങ്ങുകയാണ്. പിന്തുണച്ചവര്‍ക്കെല്ലാം നന്ദി.

വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങള്‍ പലരോടും ഉണ്ടായിട്ടുണ്ടെങ്കിലും മനോരമ എന്ന വലിയ കുടുംബത്തോട് ഇഷ്ടം മാത്രമേയുള്ളു. അതുകൊണ്ട് തന്നെയാണ് കയ്യില്‍വന്ന തരക്കേടില്ലാത്ത ഒരു വാര്‍ത്ത ഇവിടെ കൊടുക്കാന്‍ കഴിയില്ലെന്ന് തീരുമാനം ഫൈനലായി എന്നെ അറിയിച്ചശേഷവും, അത് മറ്റൊരിടത്തും കൊണ്ടുപോയി കൊടുക്കേണ്ടെന്ന് തീരുമാനിച്ചത്; പലരും ആവശ്യപ്പെട്ടെങ്കിലും. 3,4 മാസത്തോളം അതിനായി കൂടെ നിന്നവരോടുള്ള മര്യാദയെക്കരുതിയാണ്, നശിപ്പിച്ച്‌ കളയാതെ ഒടുവിലത് എനിക്ക് അവയ്‌ലബിള്‍ ആയ, എന്റെ തന്നെയൊരു പ്ലാറ്റ്‌ഫോമില്‍ ഇട്ടത്…. കുലംകുത്തിയായി ഇറങ്ങിപ്പോകേണ്ട സാഹചര്യമില്ലെന്ന് നല്ല ഉറപ്പുള്ളത് കൊണ്ടും, എന്നാലങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത് മനസിലാക്കുന്നത് കൊണ്ടും ചുരുക്കത്തില്‍ ഇത്രയും അറിയിച്ചെന്ന് മാത്രം. ഇനിയും സംശയമുള്ളവര്‍ ഉണ്ടെങ്കില്‍ എന്നെ വിളിക്കാം. തെളിവ് സഹിതം സംസാരിക്കാവുന്നതെയുള്ളൂ. 94970 81819 ആണ് പുതിയ നമ്ബര്‍. ഒഫീഷ്യല്‍ ഫോണ്‍ മുന്നറിയിപ്പ് ഒന്നുമില്ലാതെ ഡിസ്‌കണക്‌ട് ആക്കിയിട്ടുണ്ട്.

 

 

അടുത്തത് എന്തെന്ന് തീരുമാനിച്ചിട്ടില്ല. ഈ ജോലി മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്; ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അന്തസ്സും ആത്മാഭിമാനവും അടിയറ വയ്ക്കാതെ നില്‍ക്കാന്‍ കഴിയണമെന്ന് മാത്രമാണ് നിര്‍ബന്ധമുള്ളത്.

Back to top button
error: