NEWS

ലോട്ടറി അടിച്ചാൽ നികുതിക്ക് പുറമെ സർചാർജ്ജും നൽകണം

രു കോടി ലോട്ടറിയടിച്ചാൽ ജീവിതം സുരക്ഷിതമായെന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും.എന്നാൽ ഒരു കോടി(കഴിഞ്ഞ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി) സമ്മാനം ലഭിച്ച പാലാ സ്വദേശിനി അന്നമ്മയുടെ കാര്യം അങ്ങനെയല്ല. സർചാർജ് തുക 4 ലക്ഷം രൂപയാണ് അന്നമ്മയ്ക്ക് വീണ്ടും അടക്കേണ്ടി വന്നത്.ഇക്കാര്യം അധികൃതർ തന്നെ അറിയിച്ചില്ലെന്നാണ് വീട്ടമ്മയുടെ പരാതി.
 
 
 
 

കോടിക്കണക്കിന് രൂപയാണ് ഇപ്പോള്‍ ടെലിവിഷന്‍ ചാനലുകളൊക്കെ നടത്തുന്ന ഗെയിം ഷോകള്‍ക്ക് മുതല്‍ ലോട്ടറി നറുക്കെടുപ്പില്‍ വരെ സമ്മാനമായിട്ട് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംബറിന് ഇത്തവണ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളം ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന ഷോകളില്‍ പോലും ലക്ഷങ്ങളും കോടികളും വാരിക്കൂട്ടിയാണ് മത്സരാര്‍ത്ഥികള്‍ മടങ്ങാറുള്ളത്.എന്നാല്‍ ഇതില്‍ എത്ര രൂപ ഇവര്‍ക്ക് കൈയ്യില്‍ കിട്ടുമെന്ന് ആലോചിച്ചിട്ടുണ്ടോ? പരിപാടിയില്‍ വെച്ച് അവതാരകര്‍ എഴിതിക്കൊടുക്കുന്ന ചെക്ക് അങ്ങനെ തന്നെ പണമാക്കി മാറ്റാന്‍ അവര്‍ക്ക് കഴിയുമോ? ലോട്ടറിയില്‍ ഒന്നാം സമ്മാനം നേടിയാല്‍ നികുതി അടച്ച് മുടിയുമെന്നും മത്സരങ്ങളില്‍ ഒന്നാം സ്ഥാനമായി ഫ്ലാറ്റും കാറുമൊക്കെ വാങ്ങിയവര്‍ നികുതി അടയ്ക്കാനില്ലാതെ നട്ടം തിരിയുകയാണെന്നുമുള്ള വാർത്തകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്.
എത്രയാണ് നികുതി?

ലോട്ടറികള്‍, ഗെയിം ഷോകള്‍, മത്സരങ്ങള്‍, കുതിരപ്പന്തയം പോലുള്ളവയില്‍ നിന്ന് കിട്ടുന്ന വരുമാനം തുടങ്ങിയവയൊക്കെ ആദായ നികുതി നിയമം 115ബിബി സെക്ഷന്‍ അനുസരിച്ച് ‘മറ്റ് സ്രോതസുകളില്‍ നിന്നുള്ള വരുമാന’മായാണ് കണക്കാക്കപ്പെടുന്നത്. നിയമപ്രകാരം ഇങ്ങനെ ലഭിക്കുന്ന മുഴുവന്‍ തുകയ്ക്കും 30 ശതമാനം എന്ന നിരക്കില്‍ ആദായ നികുതി നല്‍കണം. തീര്‍ന്നില്ല ചിലപ്പോള്‍ സെസും സര്‍ചാര്‍ജ്ജും കൂടി നല്‍കേണ്ടി വരും. നിങ്ങളുടെ ആദായ നികുതി സ്ലാബ് അനുസരിച്ച് 35.5 ശതമാനത്തോളം വരെ നികുതി അടയ്ക്കേണ്ടി വരുമെന്ന് ചുരുക്കം.
സെസും സര്‍ചാര്‍ജും

30 ശതമാനം നികുതിയ്ക്ക് പുറമെ നികുതി അടയ്ക്കുന്ന പണത്തിന്റെ മൂന്ന് ശതമാനം എല്ലാവരില്‍ നിന്നും സെസ് ആയും ഈടാക്കും. ഇതിന് പുറമെ നിങ്ങളുടെ വാര്‍ഷിക വരുമാനം (ഇപ്പോള്‍ കിട്ടുന്ന സമ്മാനം ഉള്‍പ്പെടെ) 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ നികുതിയുടെ 10 ശതമാനം കൂടി സര്‍ചാര്‍ജ്ജായി ഈടാക്കും. വരുമാനം ഒരു കോടിക്ക് മുകളിലാണെങ്കില്‍ സര്‍ചാര്‍ജ് നല്‍കേണ്ടത് 15 ശതമാനം തുകയാണ്.
എപ്പോള്‍ നികുതി നല്‍കണം?

സമ്മാനം ലഭിക്കുന്നവര്‍ക്ക് ചെക്കായോ ഡ്രാഫ്റ്റായോ അതുമല്ലെങ്കില്‍ അക്കൗണ്ടിലേക്ക് നേരിട്ടോ ഒക്കെ പണം ട്രാന്‍സ്‍ഫര്‍ ചെയ്ത് നല്‍കാറാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോള്‍ ബാധകമായ നികുതി ഈടാക്കിയ ശേഷമേ (ടി.ഡി.എസ്) പണം നല്‍കാന്‍ പാടുള്ളൂ എന്നാണ് ആദായ നികുതി നിയമത്തിന്റെ സെക്ഷന്‍ 194 ബി അനുശാസിക്കുന്നത്. എന്നാല്‍ പണത്തിന് പകരം കാറോ ഫ്ലാറ്റോ അല്ലെങ്കില്‍ മറ്റ് വല്ല സാധനങ്ങളോ ആണ് സമ്മാനം നല്‍കുന്നതെങ്കില്‍ അതിന്റെ വില കണക്കാക്കിയ ശേഷം നികുതി തുക വാങ്ങിയ ശേഷമേ സമ്മാനം നല്‍കാന്‍ പാടുള്ളൂ.
ഇളവില്ല
ലോട്ടറി വഴിയും സമ്മാനമായും ഒക്കെ ലഭിക്കുന്ന തുകയ്ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കണമെന്ന് മാത്രമല്ല, ഒരു തരത്തിലുമുള്ള നികുതി ഇളവ് ഇതിന് ലഭിക്കില്ല. സമ്മാനം കിട്ടുന്നയാളിന്റെ വാര്‍ഷിക വരുമാനം (സമ്മാനം കൂടി കൂട്ടിയാലും) ആദായ നികുതി പരിധിയായ 2.5 ലക്ഷത്തിന് താഴെയാണ് വരുന്നതെങ്കിലും അയാള്‍ നികുതി നല്‍കണം. ഉദാഹരണത്തിന് ഒരാള്‍ക്ക് ലോട്ടറിയടിക്കുന്നത് ഒരു ലക്ഷം രൂപയാണെങ്കില്‍, അയാള്‍ക്ക് വേറെ ഒരു പൈസ പോലും മറ്റ് വരുമാനങ്ങള്‍ ഇല്ലെങ്കിലും അയാള്‍ ഈ ഉയര്‍ന്ന നിരക്കില്‍ ആദായ നികുതി നല്‍കണം.
ഏജന്‍സി കമ്മീഷന്‍
കേരള സംസ്ഥാന ലോട്ടറിക്ക് സമ്മാനം കിട്ടുന്ന ടിക്കറ്റ് വിറ്റ ഏജന്റിനും കമ്മിഷന്‍ ലഭിക്കും. സമ്മാന തുകയുടെ 10 ശതമാനമാണ് ഇങ്ങനെ നല്‍കുന്നത്. ഇതും സമ്മാന തുകയില്‍ നിന്ന് കുറയ്ക്കുും. ഇത് കുറച്ച ശേഷമാണ് ആദായ നികുതി കണക്കാക്കുക.ഒരു ലക്ഷം രുപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ കമ്മിഷന്‍ ഈടാക്കുന്നുള്ളൂ.

Back to top button
error: