
ന്യൂഡൽഹി: നാലു മക്കളുടെ പിതാവും നടനും ബി.ജെ.പി എം.പിയുമായ രവി കിഷന് ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ കിഷന് മൂന്ന് പെണ്മക്കളും ഒരു മകനുമുണ്ട്. “ജനസംഖ്യ നിയന്ത്രണ ബില്‍ കൊണ്ടുവരുമ്ബോള്‍ മാത്രമേ നമുക്ക് വിശ്വഗുരുവാകാന്‍ കഴിയൂ. ജനസംഖ്യ നിയന്ത്രണത്തിലാക്കുന്നത് വളരെ പ്രധാനമാണ്” -കിഷന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
“ജനസംഖ്യ ഉയരുന്നതിലൂടെ നമ്മള് പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ബില്‍ അവതരിപ്പിക്കാന്‍ എന്നെ അനുവദിക്കാനും ഞാന്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് കേള്‍ക്കാനും ഞാന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിക്കുന്നു” -കിഷന് കൂട്ടിച്ചേര്‍ത്തു.






