KeralaNEWS

കോടതിയുടേത് സ്വാഭാവിക നടപടി, ഗൂഢാലോചനയ്ക്ക് സതീശനും സുധാകരനുമെതിരെ ഡി.വൈ.എഫ്.ഐ. പരാതി നല്‍കും: ഇ.പി. ജയരാജന്‍

കണ്ണൂര്‍: വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കേസെടുക്കാനുള്ള കോടതി നിര്‍ദേശം തിരിച്ചടിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. എന്തിനും ഏതിനും പരാതിയുമായി നടക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അങ്ങനെയൊരു പരാതി കോടതിക്ക് മുന്നിലെത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക നടപടിയാണിത്.

മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി കിട്ടിയാല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. അന്വേഷിക്കാന്‍ പൊലീസിനെ നിയോഗിക്കുന്നതും അതിന്റെ ഭാഗമാണ്. എനിക്ക് തിരിച്ചടിയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു.

Signature-ad

ആസൂത്രിത ആക്രമണമാണ് മുഖ്യമന്ത്രിക്കെതിരേ നടന്നത്. സുധാകരനും വിഡി സതീശനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നത് വ്യക്തമാണ്. രണ്ട് വധശ്രമ കേസുകളിലടക്കം പ്രതിയായവരെയാണ് ‘കുഞ്ഞ്’ എന്ന് വിഡി സതീശന്‍ വിശേഷിപ്പിച്ചത്. അതെല്ലാം തെറ്റിനെ മറയ്ക്കാനുള്ള നടപടിയുടെ ഭാഗമാണ്. ഗൂഢാലോചനക്ക് വിഡി സതീശനും സുധാകരനുമെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കും.

ട്രെയിനില്‍ തനിക്കെതിരെ ഉണ്ടായ വെടിവെപ്പില്‍ താനായിരുന്നില്ല പകരം പിണറായിയായിരുന്നു കൊലയാളികളുടെ ലക്ഷ്യം. പിണറായിയെ ലക്ഷ്യമിട്ടാണ് അന്ന് വാടക കൊലയാളികളെ അയച്ചതെന്നും ജയരാജന്‍ ആരോപിച്ചു.
കോണ്‍ഗ്രസ് ഐവിഭാഗക്കാര്‍ നിരാശരാണ്. അതിന്റെ ഭാഗമാണ് നടപടികളെന്നും ജയരാജന്‍ പരിഹസിച്ചു.

അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കും. തെറ്റ് ചെയ്തിട്ടില്ലെന്ന് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് ഭയമില്ല. അക്രമം നടത്തിയവര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും തനിക്ക് മൂന്നാഴ്ചത്തെ വിലക്കുമാണ് ഇന്‍ഡിഗോ നല്‍കിയിരിക്കുന്നത്. ഇത് ആ കമ്പനിയുടെ നിലവാര തകര്‍ച്ചയെയാണ് കാണിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും എതിരേ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലായിരുന്നു നടപടി. അതേസമയം കോടതി ഉത്തരവ് കിട്ടിയാല്‍ കേസെടുക്കുമെന്നും അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും വലിയതുറ പൊലീസ് വ്യക്തമാക്കി.

അതേസമയം, ‘ഇന്ന് ശരിയെന്നത് നാളെ തെറ്റാവാം’എന്നായിരുന്നു കെ.കെ രമയ്‌ക്കെതിരായ മണിയുടെ പരാമര്‍ശത്തിലെ തിരുത്തിനെപ്പറ്റിയുള്ള ഇ.പിയുടെ പ്രതികരണം. ശബരീനാഥന് ജാമ്യം ലഭിച്ച നടപടിയിലും ഇപി ജയരാജന്‍ പ്രതികരിച്ചു. ജാമ്യം നല്‍കുന്നത് കോടതിയുടെ അധികാരമാണ്. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് മാത്രമെ കോടതി പ്രവര്‍ത്തിക്കുകയുള്ളൂ. ജാമ്യം ലഭിച്ചതിനെ നേട്ടമായി കരുതുന്നവര്‍ ഇതിനെ പറ്റി ഒന്നും അറിയാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: