KeralaNEWS

കെ.കെ. രമയ്‌ക്കെതിരായ പരാമര്‍ശം: മണിയുടെ പ്രസംഗത്തില്‍ തെറ്റായ ഒരു ആശയം അന്തര്‍ലീനമായിട്ടുണ്ടെന്ന് സ്പീക്കര്‍

തിരുവനന്തപുരം: കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ പരാമര്‍ശം തള്ളി സ്പീക്കര്‍ എംബി രാജേഷ്. മണി പറഞ്ഞത് തെറ്റായ പരാമര്‍ശമെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു. വാക്കുകളുടെ വേരും അര്‍ത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാകണമെന്നില്ല. മണി അനുചിതമായ പ്രയോഗം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു.

എം ബി രാജേഷിന്റെ വാക്കുകള്‍

സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതെന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. അണ്‍പാര്‍ലമെന്ററി ആയ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില വാക്കുകള്‍ അനുചിതവും അസ്വീകാര്യവും ആകാം. മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെകാലത്ത് ഉപയോഗിക്കാന്‍ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്. വാക്കുകളുടെ വേരും അര്‍ത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാകണമെന്നില്ല. വാക്കുകള്‍ അതത് കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡല്‍ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യബോധത്തിന് വിരുദ്ധമായിരിക്കും. അതുകൊണ്ടാണ് നേരത്തെ സാര്‍വത്രികമായി പ്രയോഗിച്ചിരുന്ന പഴഞ്ചൊല്ലുകള്‍, തമാശകള്‍, പ്രാദേശിക വായ്‌മൊഴികള്‍ എന്നിവ ഇന്ന് ഉപയോഗിച്ച് കൂടാത്തതുമാകുന്നത്.

മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകള്‍, ചെയ്യുന്ന തൊഴില്‍, പരിമിതകള്‍, കുടുംബ പശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, ജീവിതാവസ്തകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്‌കൃതമായിട്ടാണ് കണക്കാക്കുന്നത്. അവയെല്ലാം സാമൂഹിക വളര്‍ച്ചയ്ക്കും ജനാധിപത്യബോധത്തിന്റെ വികാസത്തിനും അനുസരിച്ച് ഉപേക്ഷിക്കപ്പേടേണ്ടതാണെന്ന അവബോധം സമൂഹത്തിലാകെ വളര്‍ന്നുവരുന്നുണ്ട്. സ്ത്രീകള്‍, ട്രാന്‍സ്‌ജെന്ററുകള്‍, അംഗപരിമിതിര്‍, പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ എന്നിവരെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പ്രത്യേകിച്ചും ഈ പരിഗണന പ്രധാനമാണ്. എന്നാല്‍ ജനപ്രതിനിധികളില്‍ പലര്‍ക്കും ഈ മാറ്റം വേണ്ടത്ര മനസിലാക്കാനായിട്ടില്ല.

ഇക്കാര്യങ്ങളെല്ലാം മുമ്പില്ലാത്തവിധം സാമൂഹിക ഓഡിറ്റിങ്ങിന് ഇന്ന് വിധേയമാകുന്നുണ്ട് എന്നും എല്ലാവരും ഓര്‍ക്കേണ്ടതാണ്. നമ്മുടെ സഭയ്ക്ക് ഇക്കാര്യത്തില്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവണം. വാക്കുകള്‍ വിലക്കാനും നിരോധിക്കാനുമുളള ചെയറിന്റെ അധികാരം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കേണ്ടതാണ് ആ മാറ്റം എന്ന് കരുതുന്നില്ല. സ്വയം തിരുത്തലുകളും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാവുകയാണ് വേണ്ടത്. മുകളില്‍ പറഞ്ഞ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വീക്ഷിക്കുമ്പോള്‍ മണിയുടെ പ്രസംഗത്തില്‍ തെറ്റായ ഒരു ആശയം അന്തര്‍ലീനമായിട്ടുണ്ട് എന്നുതന്നെയാണ് ചെയറിന്റെ അഭിപ്രായം.

അത് പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്ന് പോകുന്നതല്ല. ചെയര്‍ നേരത്തേ വ്യക്തമാക്കിയത് പോലെ പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലമെന്ററിയായ പരാമര്‍ശങ്ങള്‍ ചെയര്‍ നേരിട്ട് നീക്കം ചെയ്യുന്നതും അല്ലാത്തവ അംഗം സ്വമേധയാ പിന്‍വലിക്കുകയും ചെയ്യുക എന്നതുമാണ് നമ്മുടെ നടപടിക്രമം. ഏതാനും ദിവസം മുമ്പ് നമ്മുടെ സഭയില്‍ത്തന്നെ ശ്രീ. എം. വിന്‍സെന്റ് നടത്തിയ ഒരു ഉപമയെ സംബന്ധിച്ച് ശ്രീമതി കാനത്തില്‍ ജമീല ക്രമപ്രശ്‌നം ഉന്നയിച്ചതിനെ തുടര്‍ന്ന് ശ്രീ. വിന്‍സെന്റ് സ്വയം അതു പിന്‍വലിച്ച അനുഭവമുണ്ട്. മണിയും ചെയറിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അനുചിതമായ പ്രയോഗം പിന്‍വലിക്കുമെന്ന് ചെയര്‍ പ്രതീക്ഷിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: