വിവാഹ ആഡംബരങ്ങളില്‍ നിത്യവും പുതിയ മാറ്റങ്ങള്‍ വരുമെങ്കിലും ആചാരപരമായ കാര്യങ്ങള്‍ ഇന്നും പഴഞ്ചനാണ്. നാളും കുറിപ്പടിയുമായി ജ്യോതിഷനെ കാണാൻ ഓടുന്നവര്‍ പോലും വധൂവരന്മാരുടെ ബ്‌ളഡ്‌ടെസ്റ്റ് ഒന്നു നടത്തി നോക്കാറില്ല. അവരുടെ അഭിരുചികൾ ആരായാറില്ല.
അസമില്‍ നടന്ന ഈ വിവാഹത്തിലും ഇതൊന്നും നടന്നില്ല പക്ഷേ രസകരമായ മറ്റൊരു കാര്യം നടന്നു. വധൂവരന്മാർ പരസ്പരം ആലോചിച്ച് അവരുടെ വിവാഹത്തിനിടെ ഒപ്പുവച്ച ഒരു കരാര്‍ വൈറലായിരിക്കുന്നു. വിവാഹ ശേഷം എന്തൊക്കെ ചെയ്യണം, ചെയ്യാന്‍ പാടില്ല എന്നൊക്കെ വിശദീകരിക്കുന്ന ഒരു ഉടമ്പടിയിലാണ് വധുവും വരനും ചേർന്ന് ഒപ്പ് വെച്ചിരിക്കുന്നത്.
അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വധു ശാന്തിയും വരന്‍ മിന്റുവുമാണ് ഈ റൊമാന്റിക് ഉടമ്പടിയില്‍ ഒപ്പ് വച്ചത്. ജൂലൈ 9 -നായിരുന്നു ഇവരുടെ വിവാഹം. വെഡ്ലോക്ക് ഫോട്ടോഗ്രാഫി ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോ കരാറിലെ ചില രസകരമായ നിബന്ധനകള്‍ ഇതാണ്:
മാസത്തില്‍ ഒരിക്കല്‍ മാത്രം പിസ കഴിക്കാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിനാകണം പ്രാധാന്യം. വധു എല്ലാ ദിവസവും സാരി ധരിക്കണം. എല്ലാ ദിവസവും ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യണം. രാത്രി വൈകിയുള്ള പാര്‍ട്ടികളില്‍ പോകാം, പക്ഷെ അത് ഒരുമിച്ചാവണം. പോകുന്ന എല്ലാ പാര്‍ട്ടികളിലും നല്ല നല്ല ചിത്രങ്ങള്‍ എടുക്കണം. ഞായറാഴ്ച പ്രാതല്‍ ഭര്‍ത്താവ് ഉണ്ടാക്കണം. ഏറ്റവും ഒടുവിലായി ഓരോ പതിനഞ്ചു ദിവസം കൂടുമ്പോഴും ഷോപ്പിംഗ് നടത്തണം.
ഇരുവരും കരാറില്‍ ഒപ്പ് വയ്ക്കുന്നതിന്റെ ഒരു വീഡിയോയും ശാന്തിയും മിന്റുവും പുറത്ത് വിട്ടിരുന്നു. കരാറിലെ നിബന്ധനകള്‍ വായിച്ച് തമാശയായി കരുതുന്നവരും വലിയ ഗൗരവത്തോടെ കമന്റിടുന്നവരും ഉണ്ട്. ഒരു വലിയ കാര്‍ഡ്ബോര്‍ഡിലാണ് നിബന്ധനകള്‍ എഴുതിയിരിക്കുന്നത്. വരന്റെ പിന്തുണയോട് കൂടി, കരാര്‍ തയ്യാറാക്കിയത് വധുവാണ്. ഇരുവരുടെയും വിവാഹ കരാര്‍ ഇന്റര്‍നെറ്റിലും വൈറലായിട്ടുണ്ട്.