LIFEReligion

ഇന്ന് കര്‍ക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്റെ പുണ്യനാളുകള്‍

ന്ന് കര്‍ക്കിടകം ഒന്ന്. രാമായണ ശീലുകളുടെ പുണ്യം പേറുന്ന മാസപ്പിറവി. കര്‍ക്കിടകം മലയാളത്തിന്റെ പുണ്യ മാസങ്ങളില്‍ ഒന്നാണ്. രാമശീലുകളുടെ ഇളം തെന്നല്‍ കാതുകളില്‍ കുളിര്‍മയേകുന്ന കാലം. ഇനിയുള്ള ഒരുമാസക്കാലം രാമമയമാണ് എങ്ങും. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്തരീക്ഷത്തില്‍ അലയടിച്ച് രാമജപങ്ങള്‍ കാതുകളിലേക്കും മനസുകളിലേക്കും ചേക്കേറുന്നു. അതാണ് ഈ കര്‍ക്കിടകം പേറുന്ന പുണ്യം. ബലിതര്‍പ്പണത്തിന്റെ മാഹാത്മ്യവും കര്‍ക്കിടകം നല്‍കുന്നു. പിതൃക്കള്‍ക്ക് ആത്മശാന്തി നേര്‍ന്ന് എള്ളും കറുകയും ചേര്‍ത്ത് സമര്‍പ്പിക്കുന്ന വെള്ളച്ചോറിന് കൈകൊട്ടി ബലികാക്കകളെ ക്ഷണിക്കുന്ന കര്‍ക്കിടക കാഴ്ചകള്‍ മനുഷ്യ വിശ്വാസത്തിന്റെ നേര്‍ച്ചിത്രങ്ങളാണ്. പൂര്‍ത്തീകരിക്കാത്ത മോഹങ്ങളും വ്യഥകളുമായി അലയുന്ന ആത്മാക്കളുടെ പിറുപിറുപ്പും അതിന്റെ മുഴക്കങ്ങളും ആ ബലിതര്‍പ്പണത്തില്‍ അലിഞ്ഞില്ലാതാകുമെന്ന് നമ്മള്‍ വിശ്വസിച്ച് പോരുന്നു

ഇന്നുമുതല്‍ ഹൈന്ദവഭവനങ്ങളും ക്ഷേത്രങ്ങളും രാമായണ പാരായണത്താല്‍ മുഖരിതമാകും. കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസവും ഹൈന്ദവ വീടുകളില്‍ രാമായണപാരായണം നടക്കും.അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കടകം. മര്യാദ പുരുഷോത്തമനായ രാമന്റെ അപദാനങ്ങള്‍ പുകഴ്ത്തുന്ന രാമായണമാസം മലയാള ഹൈന്ദവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിട്ട് 400 വര്‍ഷത്തിലേറെയായി എന്നാണ് വിശ്വാസം. തുഞ്ചത്ത് രാമാനുജന് എഴുത്തച്ചന്‍ എഴുതിയ കിളിപ്പാട്ട് രാമായണമാണ് കേരളത്തില്‍ വായിക്കുന്നത്.

Signature-ad

ഒരു മാസം കൊണ്ട് വായിച്ചു തീര്‍ക്കേണ്ടത് രാമായണത്തിലെ 24,000 ശ്ലോകങ്ങളാണ്. ഇന്ന് മുതല്‍ ഓരോ മലയാളി ഭവനങ്ങളിലും തുഞ്ചന്റെ കിളിയുടെ ചിറകടി ശബ്ദം ഉയരും. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ ‘പഞ്ഞമാസം’ എന്നും വിളിക്കപ്പെടുന്നു. ചില കുടുംബങ്ങളില്‍ പ്രായമായവര്‍ നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായന ഈ മാസത്തിലാണ് നടത്താറുള്ളത്. അതിനാല്‍ കര്‍ക്കടകത്തിനെ രാമായണ മാസം എന്നും വിളിക്കുന്നു. സ്ത്രീകള്‍ ശരീരപുഷ്ടിക്കും ആരോഗ്യതത്തിുനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ഈ മാസത്തിലാണ്.

കര്‍ക്കടക മാസത്തില്‍ ആരോഗ്യപരിപാലനത്തിനായി കര്‍ക്കടകക്കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, മുതലായ ആയുര്‍വ്വേദ ചെടികള്‍ കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്നു. പല ആയുര്‍വ്വേദകേന്ദ്രങ്ങളും കര്‍ക്കടകത്തില്‍ പ്രത്യേക സുഖചികല്‍സയും ഇന്ന് ഒരുക്കുന്നുണ്ട്.മാത്രമല്ല, കളരി ചികിത്സ, മര്‍മ്മചികിത്സ എന്നിവക്കെല്ലാം പ്രാധാന്യമുള്ള കാലമാണ്. ഏറെ പഴക്കം വന്ന രോഗങ്ങള്‍ കൂടി ഈ കാലത്തു ചികില്‍സിച്ചാല്‍ വേഗം ഭേദമാകുന്നതാണ്. എല്ലാ പച്ചക്കറികള്‍ക്കും ഫലവര്‍ഗങ്ങള്‍ക്കും, കിഴങ്ങുകള്‍ക്കും ഒക്കെ ഈ കാലത്ത് ഗുണം കൂടുതലാണ്. മരിച്ചു പോയ പൂര്‍വികരെ നാം പിതൃക്കള്‍ എന്നാണ് പറയുന്നത്. ചന്ദ്രമണ്ഡലം ആത്മാക്കളുടെ സ്ഥലം എന്നാണ് വിശ്വസിക്കുന്നത്. ചന്ദ്രന്റെ മാസമായ കര്‍ക്കിടകത്തിലെ കറുത്ത വാവിന് അതിനാല്‍ തന്നെ പ്രാധാന്യം ഏറുന്നു. ബലി തര്‍പ്പണം ചെയ്താല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം.

പഞ്ഞമാസമെന്ന വിശേഷണമാണ് കര്‍ക്കിടകത്തിന് പുരാണങ്ങള്‍ നല്‍കുന്നത്. നാട്ടിന്‍ പുറങ്ങളിലെ ദാരിദ്ര്യത്തിന്റെ ആഴമളക്കല്‍ കൂടി കര്‍ക്കിടകം നടത്തുന്നു. കാലവര്‍ഷത്തിന്റെ വികൃതികള്‍ കര്‍ക്കിടകത്തെ ചുറ്റുമ്പോള്‍ വറുതികളുടെ കാലം മാടിവിളിക്കപ്പെടുന്നു. സാധാരണക്കാരന്‍ അടുപ്പുകള്‍ പുകഞ്ഞ് കാണാന്‍ കാത്തിരിക്കുന്ന കാഴ്ചകള്‍ പണ്ട് കാലത്ത് അനവധിയായിരുന്നു. ഇന്നും അതിന് മാറ്റങ്ങള്‍ ഏറെയൊന്നും ഇല്ല. മഴ തുള്ളിമുറിഞ്ഞിട്ട് അന്നത്തെ അന്നം തേടിപ്പോകാന്‍ വീടിന്റെ മണ്‍കോലായില്‍ അധികം സ്വപ്നങ്ങളൊന്നുമില്ലാതെ ദൂരത്തിലേക്ക് കണ്ണും നട്ട് കാത്തിരിക്കുന്ന ദൈന്യചിത്രങ്ങള്‍ കര്‍ക്കിടകത്തിന്റെ സമ്മാനങ്ങളാണ്.

Back to top button
error: