KeralaNEWS

മലമ്പുഴ ഡാം തുറന്നു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടി: കണ്‍ട്രോള്‍ റൂം തുറന്നു

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ ഡാം തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെന്റിമീറ്റര്‍ വീതം തുറന്നത്. ഒരുമണിക്കൂറിന് ശേഷം ഇത് 30 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തും.

ഡാം തുറന്ന സാഹചര്യത്തില്‍ മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 115.6 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി.

ജലനിരപ്പ് 111.46 അടിയായി ഉയര്‍ന്നതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ തീരുമാനിച്ചത്. വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ, ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ മഞ്ചുമല വില്ലേജ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

 

Back to top button
error: