തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരേ മുന്‍മന്ത്രി എം.എം.മണി നടത്തിയ പ്രസ്താവന വിവാദത്തില്‍. ”അവര്‍ അങ്ങനെ പറയും, അവര്‍ ഡല്‍ഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഡല്‍ഹിയിലാണല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിടുന്ന പ്രശ്നം നമുക്കല്ലേ അറിയൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയും.” എന്നായിരുന്നു ആനി രാജയ്‌ക്കെതിരായ മണിയുടെ പരാമര്‍ശം.
നിയമസഭയില്‍ കെ.കെ.രമ എംഎല്‍എയ്ക്കെതിരേ മണി നടത്തിയ പ്രസ്താവനയ്‌ക്കെതിരേ ആനി രാജ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം, നിയമസഭയില്‍ മണി നടത്തിയ ‘വിധവയായത് വിധി’ പരാമര്‍ശത്തെ വിമര്‍ശിച്ച ആനി രാജ, ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് മണി നടത്തിയതെന്ന് പറഞ്ഞിരുന്നു.
അത്തരം പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതാണ് കമ്യൂണിസ്റ്റ് നടപടിയെന്നും മണിയെ നിയന്ത്രിക്കണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മാണെന്നും ആനി പറഞ്ഞു. ഈ വിഷയത്തില്‍ പ്രതികരിക്കവേയാണ് മണി ആനി രാജയ്‌ക്കെതിരേ തിരിഞ്ഞത്.