ന്യൂഡല്‍ഹി: കോടതി നടപടികള്‍ നേരത്തേയാക്കിക്കൂടെ എന്ന ചോദ്യമുയര്‍ത്തി സുപ്രീം കോടതി ജസ്റ്റിസ് യു.യു. ലളിത്.
നമ്മുടെ കുട്ടികള്‍ക്ക് രാവിലെ ഏഴുമണിക്ക് സ്‌കൂളില്‍ പോകാമെങ്കില്‍ അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും എന്തുകൊണ്ട് ഒമ്പതുമണിക്ക് കോടതി നടപടികള്‍ ആരംഭിച്ചുകൂട? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
പതിവുസമയമായ രാവിലെ 10.30-ന് വിഭിന്നമായി 9.30-ന് ജസ്റ്റിസ് ലളിതിന്റെ ബെഞ്ച് വെള്ളിയാഴ്ച സിറ്റിങ് നടത്തിയതിനെ അഭിഭാഷകര്‍ പ്രകീര്‍ത്തിച്ചിരുന്നു. കോടതി നടപടികള്‍ ആരംഭിക്കാന്‍ ഉചിതമായ സമയം 9.30 ആണെന്നാണ് തന്റെ അഭിപ്രായമെന്നു മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി പറഞ്ഞു. ഈ ഘട്ടത്തിലായിരുന്നു ജസ്റ്റിസ് ലളിതിന്റെ പ്രതികരണം.
രാവിലെ ഒമ്പതിന് കോടതി തുടങ്ങുകയും 11.30-ന് അരമണിക്കൂര്‍ ഇടവേള എടുത്തശേഷം ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു. ഇതുവഴി ജഡ്ജിമാര്‍ക്ക് കേസുകള്‍ പഠിക്കാനും മറ്റും വൈകീട്ട് ആവശ്യത്തിന് സമയംലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണ വൈകീട്ട് നാലുവരെയാണ് സുപ്രീംകോടതിയുടെ സമയം.
ആഗസ്റ്റ് 26 ന് നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വിരമിക്കുകയാണ്. അടുത്ത ചീഫ് ജസ്റ്റിസാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തിയാണ് ജസ്റ്റിസ് ലളിത്. ഇതു മനസില്‍വച്ച് ഓഗസ്റ്റ് അവസാനത്തോടെ പുതിയ രീതികള്‍ പ്രതീക്ഷിക്കാമല്ലോയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ചോദിച്ചു. ഇതെല്ലാം ഒരു ജഡ്ജിയുടെ ക്യാപ്സൂള്‍ മാത്രമാണെന്നായിരുന്നു ലളിതിന്റെ മറുപടി.