ഫേസ്ബുക്ക് യൂസേഴ്‌സിന് പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിക്കുകയാണ് മെറ്റ. ഒരേ സമയം ഒരു യൂസറിന് 5 പ്രൊഫൈലുകള്‍ വരെ യൂസ് ചെയ്യാമെന്നതാണ് പുതിയ ഫീച്ചറിന്റെ സവിശേഷത. അതും ഒരു അക്കൌണ്ടില്‍ നിന്ന് തന്നെ ഈ അഞ്ച് പ്രൊഫൈലുകളും ഉപയോഗിക്കാന്‍ സാധിക്കും. കൂടുതല്‍ യൂസേഴ്‌സിനെ ആകര്‍ഷിക്കുവാന്‍ വേണ്ടിയാണ് കമ്പനി ഈ പുതിയ സൌകര്യം അവതരിപ്പിക്കുന്നത്.
ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഉള്ള ആളുകളുമായി ഇടപഴകാന്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ ഉപയോഗിക്കാം എന്നതാണ് ഈ ഫീച്ചറിന്റെ ഹൈലൈറ്റ്. ഉദാഹരണത്തിന് ഒരു യൂസറിന് സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രം ഒരു പ്രൊഫൈലും അതിന്റെ ഫീഡുകളും ഉപയോഗിക്കാന്‍ കഴിയും. അത് പോലെ ബിസിനസുമായി ബന്ധപ്പെട്ടവര്‍, കൂടെ ജോലി ചെയ്യുന്നവര്‍, കുടുംബാംഗങ്ങള്‍ എന്നിങ്ങനെ ഓരോ വിഭാഗം ആളുകളുമായി ഇടപഴകാന്‍ വേറെ വേറെ പ്രൊഫൈലുകള്‍ എന്ന നിലയില്‍ ഉപയോഗിക്കാന്‍ കഴിയും.
ഓരോ ആവശ്യത്തിനും ഓരോ അക്കൗണ്ട് എന്ന നിലയിലും കാണാം. പക്ഷേ ഒരു അക്കൌണ്ടില്‍ നിന്ന് 5 പ്രൊഫൈല്‍ മാത്രമേ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. സെലക്റ്റ്ഡ് ആയിട്ടുള്ള യൂസേഴ്‌സിന് മാത്രമാണ് ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമാകുന്നത്. പരീക്ഷണ ഘട്ടം പൂര്‍ത്തിയായിട്ടാകും എല്ലാ യൂസേഴ്‌സിനുമായി മള്‍ട്ടിപ്പിള്‍ പ്രൊഫൈല്‍ ഫീച്ചര്‍ ലഭ്യമാക്കുന്നത്. ഒരൊറ്റ ടാപ്പില്‍ പ്രൊഫൈലുകള്‍ സ്വിച്ച് ചെയ്യാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്. ‘ ആളുകള്‍ക്ക് ഒരു ഫേസ്ബുക്ക് അക്കൗണ്ടുമായി ഒന്നിലധികം പ്രൊഫൈലുകള്‍ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗം ഞങ്ങള്‍ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. താല്‍പ്പര്യങ്ങളും ബന്ധങ്ങളും അടിസ്ഥാനമാക്കി ആളുകള്‍ക്ക് അവരുടെ എക്‌സ്പീരിയന്‍സ് സെറ്റ് ചെയ്യാന്‍ സഹായിക്കുന്നതിനായാണ് ഈ ഫീച്ചര്‍’ ഫേസ്ബുക്ക് വക്താവ് ലിയോനാര്‍ഡ് ലാം മാധ്യമങ്ങളോട് പറഞ്ഞു.
യൂസേഴ്‌സ് അവരുടെ യഥാര്‍ഥ പേര് പ്രൊഫൈല്‍ നെയിം ആയി ഉപയോഗിക്കേണ്ടതില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇഷ്ടമുള്ള പേരും യൂസര്‍നെയിമും സെലക്റ്റ് ചെയ്യാന്‍ കഴിയുമെന്നും പറയപ്പെടുന്നു. പ്രൊഫൈല്‍ നെയിമും യൂസര്‍നെയിമും യുണീക്ക് ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ പ്രൈമറി പ്രൊഫൈലില്‍ ( മെയിന്‍ അക്കൌണ്ട് ) യഥാര്‍ഥ പേര് തന്നെ ഉണ്ടായിരിക്കണമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഈ പ്രൊഫൈലിന്റെ ഭാഗമായിട്ടായിരിക്കും അഡീഷണല്‍ പ്രൊഫൈലുകള്‍ വരികയെന്നും പ്ലാറ്റ്‌ഫോം വ്യക്തമാക്കിയിട്ടുണ്ട്.
യൂസേഴ്‌സ് തുടങ്ങുന്ന എല്ലാ പ്രൊഫൈലുകളും ഫേസ്ബുക്ക് നയങ്ങളും നിയമങ്ങളും അനുസരിച്ചായിരിക്കണം യൂസ് ചെയ്യേണ്ടതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അഡീഷണല്‍ പ്രൊഫൈലുകള്‍ നിന്ന് മറ്റ് ആളുകളുടെ പേരില്‍ ആക്കാന്‍ സാധിക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതായത് ‘അശ്വതി അച്ചു’ പരിപാടിക്ക് വേണ്ടിയല്ല മള്‍ട്ടി പ്രൊഫൈല്‍ ഫീച്ചര്‍ കൊണ്ട് വരുന്നതെന്ന്! ഈ പ്രൊഫൈലുകള്‍ ഫേസ്ബുക്ക് നയങ്ങളും നിയമങ്ങളും തെറ്റിച്ചാല്‍ പ്രൈമറി ഫേസ്ബുക്ക് അക്കൗണ്ടും ബാധിക്കപ്പെടും. തങ്ങളുടെ സിസ്റ്റം ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്തുമെന്നാണ് കമ്പനി പറയുന്നത്. ഇങ്ങനെ തെറ്റായ രീതികളും ഉപയോഗവും കണ്ടെത്തിക്കഴിഞ്ഞാല്‍ പ്രൈമറി പ്രൊഫൈലുകളും സബ് പ്രൊഫൈലുകളും എല്ലാം നീക്കം ചെയ്യുന്നത് പോലെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.
മറ്റ് ചില ലിമിറ്റേഷനുകളും മള്‍ട്ടി പ്രൊഫൈല്‍ ഫീച്ചറിനുണ്ട്. ചില ഫേസ്ബുക്ക് ഫീച്ചറുകള്‍ പ്രൈമറി അക്കൌണ്ടില്‍ മാത്രമാണ് സാധ്യമാകുന്നത്. ഉദാഹരണത്തിന് പേജ് മാനേജ് ചെയ്യുന്നത്, ഫേസ്ബുക്ക് ഡേറ്റിങ് എന്നിവയൊക്കെ പ്രൈമറി പ്രൊഫൈലില്‍ മാത്രമാണ് സാധ്യമാകുന്നത്. പിന്നെയെന്തിന് മള്‍ട്ടി പ്രൊഫൈല്‍ എന്നൊരു ചോദ്യം ആരുടെയെങ്കിലും മനസില്‍ വന്നോ? സാധാരണ ഗതിയില്‍ ഫേസ്ബുക്ക് യൂസേഴ്‌സ് ഒന്നില്‍ കൂടുതല്‍ ഐഡികള്‍ ഉണ്ടാക്കുന്നത് വ്യത്യസ്തമായ പേജുകള്‍ മാനേജ് ചെയ്യാനും പിന്നെ അല്‍പ്പം ചാറ്റിങിനും ചില സൗഹൃദങ്ങളും ഉണ്ടാക്കാന്‍ വേണ്ടിയാണ്. ഫേസ്ബുക്ക് ഡേറ്റിങ് ഫീച്ചര്‍ ആപ്പില്‍ മാത്രം ലഭ്യമാകുന്ന ഒരു സൌകര്യമാണ്. മനസിലായില്ലേ നിങ്ങളുടെ ഡേറ്റിങ് നടക്കില്ലെന്നല്ല, ഫേസ്ബുക്കിലെ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സബ് പ്രൊഫൈലുകള്‍ക്ക് സാധിക്കില്ലെന്നാണ് കമ്പനി ഉദ്ദേശിച്ചത്.