NEWSWorld

11 തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തി

മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ ഊര്‍ജിതം. നിയമം പ്രാബല്യത്തില്‍ വന്ന ആദ്യ ആഴ്‍ച 11 തൊഴില്‍ സ്ഥലങ്ങളില്‍ നിയമലംഘനം കണ്ടെത്തിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 18 തൊഴിലാളികളാണ് ഇവിടങ്ങളില്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയത്.

ഉച്ചയ്‍ക്ക് 12 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയുള്ള സമയങ്ങളിലാണ് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കുള്ളത്. ഓഗസ്റ്റ് വരെ ഈ നിയന്ത്രണം തുടരും. ജോലി ചെയ്യുന്നവര്‍ക്ക് ചൂടേറ്റ് ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‍നങ്ങള്‍ തടയുകയാണ് ലക്ഷ്യം. ജൂലൈ ഏഴ് വരെയുള്ള ആദ്യ ആഴ്ചയില്‍ 2,948 തൊഴിലിടങ്ങളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. 30 ലേബര്‍ ഇന്‍സ്‍പെക്ടര്‍മാരാണ് പരിശോധനകളില്‍ പങ്കെടുത്തത്.

2,948 തൊഴിലിടങ്ങളിലെ പരിശോധനയില്‍ 11 സ്ഥലങ്ങളില്‍ മാത്രമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ 99.63 ശതമാനവും നിയമം പാലിക്കപ്പെടുന്നതായും കണ്ടെത്തിയ നിയമലംഘനങ്ങള്‍ 0.37 ശതമാനം മാത്രമാണെന്നും തൊഴില്‍ – സാമൂഹിക വികസന മന്ത്രാലയത്തിലെ സേഫ്റ്റി ആന്റ് ഗൈഡന്‍സ് വിഭാഗം മേധാവി ഹുസൈന്‍ അല്‍ ഹുസൈനി പറഞ്ഞു. രാജ്യത്തെ തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും വേണ്ടി നടത്തിയ ബോധവത്കരണങ്ങളുടെ ഫലപ്രാപ്‍തിയാണ് നിയമലംഘനങ്ങള്‍ കുറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ ഒന്ന് മുതലാണ് ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നേരത്തെ തന്നെ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഗള്‍ഫില്‍ വേനല്‍ കാലത്ത് രണ്ട് മാസം മാത്രം ഉച്ചവിശ്രമം അനുവദിക്കുന്ന ഒരേയൊരു രാജ്യമാണ് ബഹ്റൈന്‍. മറ്റ് രാജ്യങ്ങളിലെല്ലാം മൂന്ന് മാസത്തെ ഉച്ചവിശ്രമം അനുവദിക്കാറുണ്ട്. ബഹ്റൈനിലും ഉച്ചവിശ്രമം മൂന്ന് മാസമാക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകള്‍ അധികൃതരെ സമീപിച്ചിരുന്നു. ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും 500 മുതല്‍ 1000 ദിനാര്‍ വരെ പിഴ ശിക്ഷയും അല്ലെങ്കില്‍ ഇവ രണ്ടും കൂടിയും ലഭിക്കും.

Back to top button
error: