തൃപ്പൂണിത്തുറ :രാജഭരണകാല അടയാളങ്ങളിനൊന്നായ തൃപ്പൂണിത്തുറയിലെ ഇരുമ്ബുപാലത്തിനു പകരമായി 30 കോടി രൂപയുടെ പാലം നിര്‍മാണപദ്ധതിക്ക് സര്‍ക്കാര്‍ അനുമതിയായി.എം സ്വരാജ് സമര്‍പ്പിച്ച പദ്ധതി നിര്‍ദേശം അംഗീകരിച്ച് കഴിഞ്ഞ ദിവസം തുക അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫയലില്‍ ഒപ്പിട്ടു.
രാജഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ കോട്ടയ്ക്കകത്തേക്ക് കുതിരപ്പട്ടാളത്തിന് എത്തിച്ചേരുന്നതിന് 1890-ല്‍ ബ്രിട്ടീഷ് എന്‍ജിനിയറായ റോബര്‍ട്ട് ബ്രിസ്റ്റോയുടെ മേല്‍നോട്ടത്തിലാണ് ഇരുമ്ബുപാലം നിര്‍മിച്ചത്. 130 വര്‍ഷത്തിലധികം പഴക്കമുള്ള പാലം ഇന്ന് ജീര്‍ണാവസ്ഥയിലാണ്. പുതിയ പാലം വേണമെന്ന തൃപ്പൂണിത്തുറയുടെയും കൊച്ചി നഗരസഭയില്‍പ്പെട്ട പൂണിത്തുറയുടെയും ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
എം സ്വരാജ് എംഎല്‍എ ആയിരുന്നപ്പോൾ സമർപ്പിച്ച പദ്ധതി അപ്രോച്ച് റോഡ് സംബന്ധിച്ച പ്രശ്നങ്ങള്‍ മൂലം വൈകുകയായിരുന്നു. അതെല്ലാം പരിഹരിച്ച് തയ്യാറാക്കി സമര്‍പ്പിച്ച പദ്ധതിക്കാണ് ഇപ്പോള്‍ അനുമതിയായത്. നിലവില്‍ 60 മീറ്റര്‍ നീളമുള്ളിടത്ത് പുതിയ പാലത്തിന് 126 മീറ്റര്‍ നീളമുണ്ടാകും. 11 മീറ്റര്‍ വീതിയുള്ള പാലത്തില്‍ ഒന്നരമീറ്റര്‍വീതം ഇരുവശത്തും നടപ്പാതയുമുണ്ടാകും.