NEWS

കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുടെ സമയോചിത ഇടപെടൽ; ഒരു കുടുംബം കണ്ണീരിൽ നിന്നും അപമാനത്തിൽ നിന്നും രക്ഷപെട്ടു

കല്‍പറ്റ: കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുടെ സമയോചിത ഇടപെടല്‍ ഒഴിവാക്കിയത് ഒരു കുടുംബത്തില്‍ സംഭവിക്കാനിരുന്ന അനിഷ്ട സംഭവങ്ങള്‍.
സ്കൂളില്‍നിന്ന് ആരുമറിയാതെ പുറത്തിറങ്ങി കോട്ടയത്തേക്ക് പോകാന്‍ ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തിരികെ രക്ഷിതാക്കളുടെ അടുത്തെത്തിച്ചത് മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടറും പിണങ്ങോട് സ്വദേശിയുമായ പി. വിനോദിന്റെ സമയോചിത ഇടപെടല്‍ ആയിരുന്നു.
രാവിലെ 9.15നുള്ള മാനന്തവാടി-കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ബുധനാഴ്ചയാണ് സംഭവം. മാനന്തവാടിയില്‍നിന്ന് കയറിയ വിദ്യാര്‍ഥിനി കോട്ടയത്തേക്കാണ് ടിക്കറ്റ് ആവശ്യപ്പെട്ടത്. കൈയില്‍ 150 രൂപയേ ഉള്ളൂവെന്നും ബാക്കി തുക ചേട്ടന്‍ ഗൂഗിള്‍ പേയിലൂടെ അയക്കുമെന്നും പറഞ്ഞ് ഒരു നമ്ബര്‍ നല്‍കുകയായിരുന്നു. കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണും ഉണ്ടായിരുന്നില്ല. കുട്ടി നല്‍കിയ നമ്ബറില്‍ വിളിച്ചെങ്കിലും പൈസ അയച്ചില്ല. ഫോണില്‍ സംസാരിച്ചയാളും കൃത്യമായ മറുപടിയല്ല നല്‍കിയത്. കുട്ടിയുടെ സംസാരത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയ വിനോദ് ഡ്രൈവര്‍ പടിഞ്ഞാറത്തറ സ്വദേശി വിജേഷിനെ  വിവരം അറിയിച്ചു. തുടര്‍ന്ന്, കുട്ടിയോട് പരിചയഭാവത്തിൽ ഇന്ന് സ്കൂളില്ലിയോ,അവധിയാണോന്നൊക്കെ ചോദിച്ച് സ്കൂൾ ഏതാണെന്ന് മനസ്സിലാക്കി അങ്ങോട്ടേക്ക് വിളിച്ചു.
സ്കൂളിലേക്ക് വിളിച്ചപ്പോഴാണ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന വിവരം അധികൃതര്‍ പൊലീസില്‍ അറിയിച്ചകാര്യം അറിയുന്നത്.വീട്ടിലെ നമ്പർ വാങ്ങി കുട്ടിയുടെ രക്ഷിതാവുമായും വിനോദ് സംസാരിച്ചു. വിദ്യാര്‍ഥിനിയെയോ ബസിലെ മറ്റു യാത്രക്കാരെയോ ബുദ്ധിമുട്ടിക്കാതെയായിരുന്നു ഇടപെടല്‍. പിന്നീട് മാനന്തവാടി പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് 10.30 ഓടെ കല്‍പറ്റ പൊലീസ് പുതിയ ബസ് സ്റ്റാന്‍ഡിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

Back to top button
error: