വിദ്യാര്‍ഥികളെ ചുമടെടുപ്പിക്കുന്നവരേ… കണ്ടുപഠിക്കൂ ഈ കണ്ണശ പാഠം!
തിരുവനന്തപുരം: താങ്ങാനാകാത്ത ഭാരവും പേറി കുട്ടികള്‍ സ്‌കൂളിലേക്കു പോകുന്ന പതിവുകാഴ്ച ഇനി തിരുവനന്തപുരം ജില്ലയിലെ പേയാട് കണ്ണശ മിഷന്‍ സ്‌കൂളിലെത്തിയാന്‍ കാണാന്‍ സാധിക്കില്ല. കാരണം എല്ലാ വിദ്യാലയങ്ങള്‍ക്കും മാതൃകയാക്കാവുന്ന ഒരു സംവിധാനമാണ് കുട്ടികള്‍ക്കായി ഈ സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഓരോ കുട്ടിക്കുമുള്ള പാഠപുസ്തകങ്ങള്‍ ക്ലാസ് മുറിയില്‍ സൂക്ഷിച്ചാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ പുസ്തകച്ചുമട് ഇറക്കിവച്ചത്.
സ്വന്തം പാഠപുസ്തകം വീട്ടില്‍ ഇരുന്ന് പഠിക്കാനും ക്ലാസ് മുറിയിലെ പാഠപുസ്തകം അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍ ഉപയോഗിക്കാനും കഴിയുന്ന നിലയിലാണ് കണ്ണശ മിഷനില്‍ പാഠപുസ്തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ എടുക്കാന്‍ വയ്യാത്ത ‘പുസ്തകചുമട്’ ഇവിടെ ഇനി പഴങ്കഥ. നിലവില്‍ കണ്ണശയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സ്‌കൂള്‍ ബാഗില്‍ നോട്ടുബുക്കുകളും ഉച്ചഭക്ഷണവും മാത്രം കരുതിയാല്‍ മതി.
ഒരു രൂപ പോലും അധികച്ചിലവ് ഇല്ലാതെയാണ് കണ്ണശ മിഷന്‍ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയത്.
കഴിഞ്ഞ വര്‍ഷം പഠിച്ച കുട്ടികളുടെ പഴയ പുസ്തകങ്ങള്‍ സമാഹരിച്ചാണ് ക്ലാസ് മുറികളിലെ പാഠപുസ്തകങ്ങള്‍ സൗജന്യമായി ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ഓരോ ക്ലാസിലും ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേകം പ്രത്യേകം പാഠപുസ്തകങ്ങളുണ്ട്.
ആഴ്ച്ചയില്‍ ഒരു ദിവസം ഒരു പാഠപുസ്തകം വീതം കുട്ടികള്‍ സ്‌കൂളില്‍ കൊണ്ടുവരണം. ഇതില്‍ അടുത്ത ഒരാഴ്ച്ചയില്‍ ഓരോ ദിവസവും പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ അധ്യാപകര്‍ അടയാളപ്പെടുത്തി നല്‍കും. ഇത് പല കാരണങ്ങള്‍ കൊണ്ടും ഒരു ദിവസം സ്‌കൂളില്‍ എത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഗുണകരമാകും.
നോട്ടുബുക്കുകളും ഓരോ ടേമിലേക്കും ക്രമീകരിച്ച് ഇനിയും സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും.