NEWS

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ജയകൃഷ്ണനോട് യാത്ര പറഞ്ഞ് ക്ലാര മടങ്ങിയിട്ട് മുപ്പത്തിയഞ്ച് വർഷങ്ങൾ !!

യകൃഷ്ണനോട് യാത്ര പറഞ്ഞ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ലാര മടങ്ങിയിട്ട് മുപ്പത്തിയഞ്ച് വർഷങ്ങൾ.
പെയ്തൊഴിഞ്ഞ മഴ പോലെ വർഷങ്ങൾ എത്ര കടന്നുപോയിരിക്കുന്നു…!
മണ്ണാറത്തൊടിയിലെവിടെയോ പെയ്യാൻ കൊതിച്ചൊരു കാർമേഘമായി ക്ലാര ഇന്നും കാത്തിരിക്കുന്നുണ്ടാവാം.
“ഞാൻ എപ്പോഴും ഓർക്കും.. ഓരോ മുഖംകാണുമ്പോഴും ഓർക്കും” -ക്ലാര പറയുമ്പോൾ
ജയകൃഷ്ണന്‍ പറയുന്നു…
“മുഖങ്ങളുടെ എണ്ണം അങ്ങിനെകൂടിക്കൊണ്ടിരിക്കുകയല്ലേ…
അങ്ങനെ കൂടിക്കൂടി ഒരു ദിവസം അതങ്ങ് മറക്കും…”
“മറക്കുമോ..”
“പിന്നെ മറക്കാതെ..”
“#പക്ഷേ എനിക്ക് മറക്കണ്ട…”
ക്ലാരയുടെ ആ മറുപടിയായിരുന്നു തൂവാനത്തുമ്പികൾ എന്ന സിനിമ.
മലയാളികളുടെ മനസ്സിൽ ഇന്നും ആഴത്തിൽ പതിഞ്ഞു കിടക്കുന്ന കഥാപാത്രങ്ങളാണ് ക്ലാരയും മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും.1987 ജൂലൈ 31 ന് തിയ്യറ്ററുകളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് പത്മരാജനാണ്.മോഹൻലാൽ നായകനായി എത്തിയ ചിത്രം കാലം ഇത്ര കഴിഞ്ഞിട്ടും മലയാളികളുടെ ഇഷ്ട ചിത്രമായി തുടരുകയാണ്.
“കൊല്ലാൻ പറ്റിയ സ്ഥലം,” ഞാൻ പറഞ്ഞു, “ഞാൻ നിന്നെ കൊല്ലട്ടെ..?”
“കൊല്ല്” അവൾ  പൊട്ടിചിരിച്ചുകൊണ്ട് എന്ന് പിറകിൽനിന്നു വരിഞ്ഞുചേർത്തു, “ചാകാൻ പറ്റിയ സ്ഥലം, കൊല്ലാമെങ്കിൽ കൊന്നേക്കൂ, ഞാൻ തമാശ പറയുകയല്ല”
ക്ലാരയ്ക്ക് ഒരിക്കലും മരണത്തെ ഭയമുണ്ടായിരുന്നില്ല, എൻ്റെ കൈകൊണ്ടുള്ള മരണം അവൾ മോഹിച്ചിരുന്നുവെന്ന്‌ പലപ്പോഴും അവൾതന്നെ പറഞ്ഞിരുന്നുതാനും.
“ഇവിടെ ഭൂതോം ചെകുത്താനും ഒക്കെയുണ്ടെന്നാ കിഴവൻ പറയുന്നത്, കൂട്ടത്തിൽ ഒരു യക്ഷിയായിട്ട് ഞാനും ചേരാം, പിന്നെയാണ് എന്റെയൊരു ശരിയായ ജീവിതം തുടങ്ങുന്നത്,” അവൾ പറഞ്ഞു.
“പിന്നെ ചെകുത്താന്മാർക്കും ഭൂതത്താന്മാർക്കും കോളുകാലം”,  ഞാൻ പറഞ്ഞു, “നിന്നെപ്പോലൊരു സ്വർഗ്ഗവേശ്യയുടെ ആത്മാവ് പരിസരത്തിങ്ങനെ അനുഗ്രഹിച്ച് വ്യഭിചരിച്ചു ചുറ്റിത്തിരിഞ്ഞാൽ,  ഇവിടെ വ്യഭിചാരമങ്ങനെ തഴച്ചു പിടിക്കും,  ലാസറിന്റെ പാടം ഒഴിയും.”
അവൾ ചിരിച്ചില്ല….
കുറേനേരം എന്തോ ഓർത്തുനിന്നിട്ട് പുറത്ത് അലറുന്ന മഴയിലേക്ക് അവൾ നീട്ടിയൊന്നു കൂവി, ആയിരം തൊണ്ടകളുള്ള മഴയുടെ വിളിയിൽ ക്ലാരയുടെ കൂവലിന്റെ ശബ്‌ദം ഞങ്ങൾ രണ്ടാൾപോലും കേട്ടില്ല…
കായലിൽനിന്നു ചീറ്റിയടിച്ച ശീതക്കാറ്റിൽ ഞങ്ങൾ നിന്നു നനഞ്ഞു, ജനാലയഴികളും പിടിച്ചിരുന്ന് ഞങ്ങൾ പുറത്തെ മഴ കണ്ടു, മഴ ഇടയ്ക്കുയർന്നു പിന്നെ മാഞ്ഞു, വെളുപ്പാൻകാലത്തെപ്പോഴോ കായലിനു മുകളിൽ ഒരു നിലാവു പൊന്തി, പിന്നെ തണുത്ത ഈറൻ കാറ്റിൽ വെള്ളത്തിലിളകുന്ന നിഴലുകൾക്ക് മുകളിലൂടെ കിളി പറന്നു, പുലരിക്ക് തൊട്ടുമുമ്പ് കായലിലും കടലിലുമായി കാലുകൾ പരത്തിയൂന്നി ഒരു മഴവില്ലുയർന്നു, വെള്ളത്തിലെ തെളിഞ്ഞ പ്രതിച്ഛായയിലൂടെ അതൊരു വർണ്ണവൃത്തമായി വളർന്നു…..!!
(പി.പത്മരാജൻ- ഉദകപ്പോള)
ഉദകപ്പോള എന്ന തന്റെ തന്നെ നോവലിനെ ആസ്പദമാക്കി പത്മരാജൻ സംവിധാനം ചെയ്ത സിനിമയായിരുന്നു തൂവാനത്തുമ്പികൾ.1991 ജനുവരി 24-ന് പത്മരാജൻ അന്തരിച്ചു. അല്ലെങ്കിലും ഈ പ്രണയവും മഴയും മരണവുമൊക്കെ അങ്ങനെതന്നെയാണല്ലോ.. ഒന്ന് യാത്ര പോലും പറയാതെ, തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ,
പെട്ടെന്നങ്ങ് …
എങ്കിലും ക്ലാര വരുമായിരിക്കും.എന്നെങ്കിലുമൊരു മഴയത്ത്..നീട്ടി ചൂളം വിളിച്ചെത്തുന്ന ഏതെങ്കിലുമൊരു ട്രെയിനിൽ..!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: