KeralaNEWS

റെയിൽവെയിൽ ജോലി വാഗ്‍ദാനം ചെയ്ത് തട്ടിപ്പ്: പ്രതിയെ കുടുക്കിയത് ഭാര്യയുടെ ഇടപെടൽ

തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്‍ദാനം ചെയ്ത് തട്ടിപ്പ് പതിവാക്കിയ റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരത്ത് താമസിക്കുന്ന തമിഴ‍്‍നാട് സ്വദേശി മുരുകേശൻ പിള്ളയാണ് പിടിയിലായത്. മാസങ്ങളായി പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന തട്ടിപ്പുകാരൻ വീട്ടിൽ എത്തിയ വിവരം ഭാര്യയാണ് അറിയിച്ചത് .

ദക്ഷിണ റെയിൽവേയിലെ വേളി ഡിവിഷനിൽ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് പിടിയിലായ ഇത് മുരുകേശൻ പിള്ള. ജോലി റെയിൽവേയിലാണെങ്കിലും പ്രധാന വരുമാന മാർഗം തൊഴിൽ തട്ടിപ്പെന്നാണ് ആരോപണം.  പിൻവാതിലിലൂടെ റെയിൽവേയിൽ ജോലിയിൽ പ്രവേശിപ്പിക്കാമെന്ന് വാഗ്‍ദാനം ചെയ്താണ് തട്ടിപ്പ്. റിക്രൂട്ടർ മുരുകൻ എന്ന് അറിയപ്പെടുന്ന മുരുകേശന്റെ തട്ടിപ്പിന് ഇരയായത് നിരവധി പേർ. രണ്ട് ലക്ഷം രൂപവരെയാണ് ഒരാളിൽ നിന്ന് ഇയാൾ വാങ്ങിയിരുന്നത്. പണം നൽകിയിട്ടും ജോലി കിട്ടാതായതോടെ ആളുകൾ  പരാതിയുമായി പൊലീസിനേയും റെയിൽവേ അധികൃതരേയും സമീപിച്ചു. പൊതുനിരത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു.

തെക്കൻ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളാണ് ഇയാൾക്കെതിരെ കിട്ടിയത്. ഇതോടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് മുരുകേശൻ ഒളിവിൽ പോയി.  ഒന്നരമാസം മുമ്പ് വീടുവിട്ട  മുരുകേശൻ ഇന്നലെ രാത്രി തിരികെയെത്തിയ വിവരം ഭാര്യയാണ് അറിയിച്ചത്. തുടർന്ന് നാട്ടുകാർ വീട് വളഞ്ഞ് പൊലീസിനെ വിവരം അറിയിച്ചു. ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തമ്പാനൂർ പൊലീസിന് കൈമാറി.

തിരുവനന്തപുരം നഗരത്തിലെ സ്റ്റേഷനുകളിൽ കിട്ടിയ പരാതികളിൽ മാത്രമുണ്ട് 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്. റെയിൽവേയിലെ ജോലി കാട്ടിയും ഉന്നത ജീവനക്കാരുമായി അടുത്ത ബന്ധമെണ്ടെന്ന് ധരിപ്പിച്ചുമാണ് ആളുകളെ വിശ്വാസത്തിൽ എടുത്തിരുന്നത്. മുരുകേശനും റെയിൽവേയിൽ അനധികൃതമായാണ് നിയമനം തരപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മെഡിക്കൽ പരിശോധനകൾക്ക് ശേഷം പ്രതിയെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: