സ്വത്തു തര്‍ക്കത്തില്‍ തമിഴ് നടന്‍ പ്രഭുവിനെതിരെ കേസ്. പിതാവും നടനുമായിരുന്ന ശിവാജി ഗണേശന്റെ സ്വത്തിനു വേണ്ടിയുള്ള തര്‍ക്കത്തിലാണ് നടന്‍ പ്രഭുവിനും സഹോദരന്‍ രാംകുമാര്‍ ഗണേശനുമെതിരെ കേസ് എടുത്തിരിക്കുന്നത്.
സ്വത്ത് ഭാഗം വച്ചതിൽ വൻക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ പെൺമക്കളായ ശാന്തി നാരായണസ്വാമിയും രാജ്‌വി ഗോവിന്ദരാജനുമാണ് കേസ് കൊടുത്തിരിക്കുന്നത്. സഹോദരന്മാർക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവർ. ശിവജി ഗണേശന്റെയും കമലുടെയും മക്കളാണ് ഇവര്‍ നാല് പേരും. രാംകുമാര്‍ ഗണേശന്‍ നിര്‍മ്മാതാവ് കൂടിയാണ്.
ശിവാജി ഗണേശന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷന്‍സ് നോക്കി നടത്തുന്നത് പ്രഭുവും രാംകുമാറും ചേര്‍ന്നാണ്. എന്നാല്‍ തങ്ങളുടെ പിതാവ് ഇത് സംബന്ധിച്ച് യാതൊരു വില്‍പ്പത്രവും എഴുതിയിട്ടില്ലെന്ന് ശാന്തിയും രാജ്‌വിയും പറയുന്നു. പ്രഭുവും രാംകുമാറും വ്യാജ വില്‍പത്രം തയ്യാറാക്കിയാണ് സ്വത്തുക്കള്‍ കൈക്കലാക്കിയിരിക്കുന്നത് എന്നാണ് സഹോദരിമാര്‍ ആരോപിക്കുന്നത്. തങ്ങള്‍ അറിയാതെ സ്വത്തുക്കളില്‍ വലിയ ഭാഗം ഇവര്‍ മക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ആരോപണമുണ്ട്.
അച്‌ഛന്റെ മരണശേഷം എസ്റ്റേറ്റും മറ്റു സ്വത്തുക്കളും സഹോദരന്മാർ നോക്കി നടത്തുന്നതിൽ ശാന്തിക്കും രാജ്‌വിക്കും തുടക്കത്തിൽ ഒരു പ്രശ്‌നവുമില്ലായിരുന്നു. എന്നാൽ, പിൽക്കാലത്ത് തങ്ങളുടെ അനുവാദമില്ലാതെ ചില വസ്തുവകകൾ ഇരുവരും വിറ്റതായി വിവരം ലഭിച്ചതോടെയാണ് അവർ കോടതിയെ സമീപിപ്പിച്ചത്.82 കോടി രൂപ വിലമതിക്കുന്ന ശാന്തി തീയേറ്റേഴ്‌സ് അടുത്തിടെ സ്വന്തം മക്കളുടെ പേരിലേക്ക് പ്രഭു മാറ്റിയതായും സഹോദരിമാർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആകെ 270 കോടി രൂപയുടെ സ്വത്ത് ശിവാജി ഗണേശന്റെ പേരിലുള്ളതായാണ് കണക്കാക്കുന്നത്.