FoodLIFE

ചക്ക പഴയ ചക്കയല്ല; മിഠായി മുതൽ ബിരിയാണി വരെ… പ്രമേഹത്തിന്റെ പാര്‍ശ്വഫലങ്ങള്‍ പ്രതിരോധിക്കാന്‍ ചക്ക…

ക്ക പഴയ ചക്കയല്ല, പഴം പൊരി മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ വിഭവങ്ങളില്‍ വരെ ചക്ക സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ചക്ക പായസം, ചക്ക ഐസ്‌ക്രീം, ചക്ക ബിരിയാണി ഇങ്ങനെ നീളുന്നു ചക്കയുടെ കുതിപ്പ്. കേരളത്തിന്റെ ഔദ്യേഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചെങ്കിലും നമ്മുടെ നാട്ടില്‍ വെറുതെ കളയുന്ന ചക്കയുടെ അളവിന് കുറവ് ഒന്നുമില്ല. ഇങ്ങനെ കളയുന്ന ചക്കയ്ക്കും ഒരു ദിനമുണ്ട്. ജൂണ്‍ 4, ലോക ചക്ക ദിനം.

കേരളത്തിന്റെ മാത്രമല്ല തമിഴ്‌നാടിന്റെയും ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെയും ഔദ്യോഗിക ഫലമാണ് ചക്ക. 2016 ജൂലൈ നാല് മുതലാണ് ചക്ക ദിനമായി ആചരിച്ചു തുടങ്ങിയത്. ചക്കയെ വെറുതെ വര്‍ണിച്ചിട്ട് കാര്യമില്ല. അതിന്റെ രുചിയും ഗുണങ്ങളും പറഞ്ഞാലും തീരില്ല. കുറച്ച് ചക്ക വിശേഷങ്ങള്‍ പരിചയപ്പെടാം. പ്രമേഹത്തിന്റെ പാര്‍ശ്വഫലങ്ങള്‍ പ്രതിരോധിക്കാന്‍ ചക്കയ്ക്ക് സാധിക്കുമെന്ന് വിദേശ പഠനങ്ങള്‍ വരെ തെളിയിച്ചു കഴിഞ്ഞു. കൂടാതെ കയറ്റുമതി ചെയ്യുന്ന ചക്കകള്‍ക്ക് കേരളത്തിന് പുറത്ത് മികച്ച വിലയാണ് ലഭിക്കുന്നത്.

Signature-ad

ചെമ്പരത്തി വരിക്ക, തേന്‍ വരിക്ക, മുറ്റം വരിക്ക, കൂഴ, രുദ്രാക്ഷ വരിക്ക, പാലൂര്‍, പേച്ചിപ്പാറ എന്നിങ്ങനെ നീളുന്നു നാടന്‍ ഇനങ്ങള്‍. ഡാങ് സൂര്യ, സിലോണ്‍ വരിക്ക എന്നിവ വിദേശ ഇനങ്ങള്‍, സിദ്ദു, ശങ്കര എന്നിവ നഴ്‌സറി ഇനങ്ങള്‍. രുചിയിലും രൂപത്തിലും വ്യത്യാസമുള്ള എത്രയിനം ചക്കകളാണ് നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരം നയന്‍താരയുടെ വിവാഹ വിരുന്നില്‍ ചക്ക ബിരിയാണി സ്ഥാനം പിടിച്ചത് സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

  • ‘ചക്കക്കൂട്ട’ത്തിന്റെ കഥ

ഈ ചക്കദിനത്തില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കേരളത്തില്‍ രൂപം കൊണ്ട ഒരു വാട്ട്‌സ് അപ്പ് കൂട്ടായ്മയാണ് ചക്കക്കൂട്ടം. ‘കേരളത്തില്‍ ഇനിയൊരു ചക്കയും പാഴാക്കാന്‍ അനുവദിക്കില്ല’ എന്നാണ് അവര്‍ ഈ ചക്ക ദിനത്തില്‍ എടുത്ത പ്രതിജ്ഞ. അതിനുള്ള പ്രവര്‍ത്തനങ്ങളും കൂട്ടായ്മ അംഗങ്ങള്‍ തുടങ്ങി കഴിഞ്ഞു.

എറണാകുളം സ്വദേശി അനില്‍ ജോസിന്റെ നേതൃത്വത്തിലാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ചക്ക വിഭവങ്ങള്‍, വിവരങ്ങള്‍, വിപണി എന്നിങ്ങനെ കൂട്ടായ്മയിലെ ചക്ക വിശേഷം തകൃതിയായി തുടരുകയാണ്. കഴിഞ്ഞ ചക്ക ദിനത്തില്‍ ചക്കയുമായി വരൂ, ടേസ്റ്റി ചക്കപ്പഴം ചിപ്‌സുമായി പോകൂ, എന്ന ക്യാപെയിന് ചക്കക്കൂട്ടം തുടക്കമിട്ടിരുന്നു.

  • ചക്കയെ കുറിച്ച്

ആര്‍ട്ടോ കാര്‍പ്പസ് ഹെറ്റേറോഫില്ലസ് (Artocarpus heterophyllus) എന്നാണ് ചക്കയുടെ ശാസ്ത്ര നാമം. സംസ്‌കൃതത്തില്‍ പനസി എന്നറിയപ്പെടുന്ന ചക്കയുടെ ജന്മദേശം നമ്മുടെ ഇന്ത്യയാണ്. ജാക്ക എന്ന പോര്‍ച്ചുഗീസ് പദത്തില്‍ നിന്നാണ് ചക്ക എന്ന മലയാള പദം ഉണ്ടായതെന്നാണ് വിശ്വസിക്കുന്നത്. ധാരാളം പശയും, കായും ഉള്ളത് എന്നാണ് പ്ലാവിന്റെ അര്‍ഥം. പ്ലാവ് ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലെ പശ്ചിമഘട്ടത്തിലാണ്. ആഫ്രിക്ക, തായ്‌ലാന്‍ഡ്, ജമൈക്ക, വിയറ്റ്‌നാം, മലേഷ്യ, ശ്രീലങ്ക, ബ്രസീല്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്ലാവ് കാണപ്പെടുന്നു. ചക്ക ഉല്‍പാദനത്തില്‍ ലോകത്ത് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമാണ്.

 

Back to top button
error: