വിജയവാഡ: ആന്ധ്രാപ്രദേശിലെ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂണുകള്‍ പറത്തിവിട്ട് പ്രതിഷേധം. വിജയവാഡയിലെ ഗന്നവാരം വിമാനത്താവളത്തില്‍ പറന്നുയര്‍ന്ന ഉടന്‍ ആണ് പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്റ്ററിന് സമീപത്ത് ബലൂണുകള്‍ കാണപ്പെട്ടത്. ഇത് സുരക്ഷ വീഴ്ചയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബലൂണുകള്‍ പറന്നുയരുന്നതിന്റെയും ഹെലികോപ്റ്ററിന്റടുത്തേക്ക് ബലൂണുകള്‍ നീങ്ങുന്നതിന്റേയും ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു.
എന്നാല്‍ സുരക്ഷാ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും എയര്‍പോര്‍ട്ടില്‍ നിന്ന് 4.5 കിലോമീറ്റര്‍ അകലെയാണ് രണ്ട് ബലൂണുകള്‍ ഉയര്‍ന്നത് എന്നുമാണ് ആന്ധ്ര പൊലീസ് പറയുന്നത്. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പുറപ്പെട്ട് അഞ്ച് മിനിറ്റ് കഴിഞ്ഞാണ് ബലൂണുകള്‍ പറത്തിവിട്ടതെന്നും പോലീസ് പറയുന്നു. പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന വിമാനത്താവളത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു. കറുത്ത ബലൂണുകളും പ്ലക്കാര്‍ഡുകളും പിടിച്ച് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ഇവര്‍ മുദ്രാവാക്യം വിളിച്ചിരുന്നു.
നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബലൂണ്‍ പറത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇതില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയെന്നാണ് വിവരം. സുങ്കദര പത്മശ്രീ, പാര്‍വതി, കിഷോര്‍ എന്നീ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് ആന്ധ്ര പൊലീസ് പറയുന്നത്. കറുത്ത ബലൂണുകള്‍ കാണിച്ച് പ്രധാനമന്ത്രി മോദിക്കെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഹൈദരാബാദില്‍ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി വിജയവാഡയില്‍ എത്തിയത് അവിടെ നിന്നും ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി ഭീമവാരത്തെത്തി.