LIFEMovie

ചിരഞ്ജീവിയുടെ മാസ് ‘ഗോഡ്ഫാദർ’ ലുക്ക്, ആവേശത്തിൽ ആരാധകർ

ടോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിരഞ്ജീവി(Chiranjeevi ) ചിത്രം ‘ഗോഡ്ഫാദർ'(Godfather) ഫസ്റ്റ് ലുക്ക് പുറത്ത്. മാസായി കാറിൽ നിന്നും ഇറങ്ങുന്ന ചിരഞ്ജീവി കഥാാത്രത്തെ വീഡിയോയിൽ കാണാം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ വൻ സ്വീകാര്യതയാണ് ഫസ്റ്റ് ലുക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. അതുകൊണ്ട് തന്നെ മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ഗോഡ്ഫാദർ’.

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ‘ഗോഡ്ഫാദർ’. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. ബോളിവുഡ് താരം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം, മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ ‘എമ്പുരാൻ’. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിച്ചതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം ഈ വർഷം ഉണ്ടാകുമെന്നാണ് നേരത്തെ തിരക്കഥാകൃത്തും നടനുമായ മുരളി ​ഗോപി പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ട് എപ്പോൾ മുതൽ ആരംഭിക്കുന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മോഹൻലാൽ ഇപ്പോൾ. ട്വൽത്ത് മാൻ എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആടുജീവിതത്തിന്റെ തിരക്കിലാണ് പൃഥ്വിരാജിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: