പൊൻകുന്നം വർക്കി
—————-
ജന്മദിനം – ജൂലൈ 1
ചരമദിനം – ജൂലൈ2
ഭരണകൂട മർദ്ദനങ്ങളെ നേരിട്ടും അടിച്ചമർത്തലിനെ അതിജീവിച്ചും പൗരോഹിത്യ ചൂഷണങ്ങളെ വെല്ലുവിളിച്ചും ജീവിച്ച മലയാളത്തിലെ ആദ്യകാല എഴുത്തുകാരനാണ് പൊൻകുന്നം വർക്കി.
സ്വാതന്ത്രസമരസേനാനി, ആക്ടിവിസ്റ്റ്, എഴുത്തുകാരൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്. സിനിമാ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് അദ്ദേഹം തിളങ്ങിയിട്ടുണ്ട്.
ഇന്നത്തെ തലമുറയ്ക്ക് പൊൻകുന്നം വർക്കിയെപ്പറ്റി ഒരു വ്യക്തമായ ധാരണയുണ്ടോ എന്ന് സംശയമുണ്ട്. “ശബ്ദിക്കുന്ന കലപ്പ ” എന്ന കഥയുടെ കർത്താവ് എന്ന നിലയ്ക്ക് മാത്രം വർക്കിയെ അറിയുന്നവരും ഉണ്ട്.
പൊൻകുന്നം വർക്കിയുടെ ജന്മദിനവും ചരമദിനവും
ജൂലൈ ഒന്ന്, രണ്ട് തീയതികളിലാണ്.
2004 ജൂലൈ ഒന്നിന് 94 ആം പിറന്നാൾ നാലാൾ അറിഞ്ഞ് ആഘോഷപൂർവ്വം കൊണ്ടാടി തൊട്ടടുത്ത ദിവസം പൊൻകുന്നം വർക്കി ഓർമ്മയായി.
ഒരു നിഷേധിയുടെ വിടവാങ്ങൽ.
പൊൻകുന്നം വർക്കി മലയാള ഭാഷയിലെ ശ്രദ്ധേയനായ ഒരു കഥാകൃത്തായിരുന്നു.
ആലപ്പുഴ ജില്ലയിലെ എടത്വായിൽ 1910 ലാണ് വർക്കി ജനിച്ചത്.
പിതാവിന്റെ മരണശേഷം കോട്ടയം ജില്ലയിലെ പൊൻകുന്നത്തേക്ക് കുടുംബത്തോടൊപ്പം താമസംമാറി. മലയാളഭാഷയിൽ ഹയർ, വിദ്വാൻ ബിരുദങ്ങൾ പാസായ ശേഷം അദ്ധ്യാപകനായി.
‘തിരുമുൽക്കാഴ്ച’ എന്ന ഗദ്യകവിതയുമായാണ് വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്. 1939-ലായിരുന്നു ഇത്. പ്രഥമ കൃതിക്കുതന്നെ മദ്രാസ് സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു.
കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി. തിരുവിതാംകൂർ ദിവാൻ ഭരണത്തെ എതിർത്തതിന്റെ പേരിൽ ജയിലിൽക്കിടക്കേണ്ടി വന്നു.
നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായിട്ടുണ്ട്.
ചെറുകഥകൾ മാത്രം നൂറിന് മേൽ ഉണ്ട്. പതിനാറ് നാടകങ്ങളും രചിച്ചിട്ടുണ്ട്. എണ്ണപ്പെട്ട ചില മലയാള സിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറിയായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും നാഷണൽ ബുക്ക് സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, എക്സിക്യുട്ടീവ് അംഗം എന്നീനിലകളിലും പ്രവർത്തിച്ചു.
ജീവിതത്തിന്റെ അവസാന പകുതിയിൽ രചനകൾ നടത്തിയിരുന്നില്ല. ഇടയ്ക്കിടെ ആനുകാലികങ്ങളിൽ സംഭാഷണങ്ങളോ ലേഖനങ്ങളോ ഇക്കാലത്ത് രചിച്ചിരുന്നു.
2004 ജൂലൈ 2-ന് പാമ്പാടിയിലുള്ള വസതിയിൽ വച്ച് മരണമടഞ്ഞു.
അന്തിത്തിരി,തിരുമുൽക്കാഴ്ച,വി കാരസദനം (ഒന്നാം ഭാഗം)
വികാരസദനം (രണ്ടാം ഭാഗം)ആരാമം
അണിയറ,ഹൃദയനാദം
നിവേദനം,പൂജ
പ്രേമവിപ്ലവം,ഭർത്താവ്
ഏഴകൾ,ജേതാക്കൾ
എന്നിവ പ്രധാന കൃതികളാണ്.
അന്തോണീ നീയും അച്ചനായോടാ?,
പാളേങ്കോടൻ,
നോൺസെൻസ്,
ഒരു പിശാചു കൂടി,
രണ്ടു ചിത്രം,പള്ളിച്ചെരുപ്പ്,
മോഡൽ.വിത്തുകാള,
ആ വാഴെവെട്ട്,
സമാഹാരങ്ങൾ,ഇടിവണ്ടി,
പൊട്ടിയ ഇഴകൾ,
ശബ്ദിക്കുന്ന കലപ്പ.
എന്നിവയാണ് ഏതാനും ചില പ്രധാന ചെറുകഥകൾ.
“എന്റെ വഴിത്തിരിവ് “
പൂർത്തിയാകാത്ത ആത്മകഥയാണ്.
രാഷ്ട്രീയത്തോടും മതത്തോടും അമിതവിധേയത്വം പുലർത്തുന്ന ചില സാഹിത്യകാരന്മാരിൽ നിന്നും പൊൻകുന്നം വർക്കി തികച്ചും വ്യത്യസ്ഥനായിരുന്നു.
60 വർഷങ്ങൾക്ക് മുൻപ് സഭക്കെതിരേയും ദിവാൻ ഭരണത്തിനെതിരേയും ഏകാങ്കപ്പോരാട്ടം
നടത്തിയ തീഷ്ണവ്യക്തിത്വം.
മുതലാളിത്തത്തിനും കിരാത
ഭരണത്തിനുമെതിരെ തൂലിക പടവാളാക്കി ചലിപ്പിച്ച വളയാത്ത നട്ടെല്ലുള്ള സാഹിത്യകാരൻ.
പ്രായാധിക്യം കൊണ്ട് മാത്രം അവസാന നാളുകളിൽ നട്ടെല്ല് വളഞ്ഞ വർക്കി അതുവരേയും നട്ടെല്ല് നിവർത്തിത്തന്നെ നടന്നു.
കപട സാഹിത്യം വർക്കിക്ക് തീരെ വശമില്ലായിരുന്നു. എഴുതിയെഴുതി ദുഷ്ടനെ വിശുദ്ധനാക്കാനും, വിശുദ്ധനെ പാപിയാക്കാനുമുള്ള “ഗിമ്മിക്ക് ” അദ്ദേഹത്തിന് വശമുണ്ടായിരുന്നില്ല.
അതുകൊണ്ടാണ് കഥയെഴുതിയതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്ന മലയാളത്തിലെ ആദ്യ കഥാകാരനാകേണ്ടിവന്നത്.
ജനതാല്പര്യങ്ങളും അവകാശങ്ങളും അടിച്ചമർത്തി അമേരിക്കൻ മോഡൽ ഭരണം നാട്ടിൽ നടപ്പാക്കാൻ ശ്രമിച്ച ദിവാൻ സർ സി.പിയെ കണക്കിന് പരിഹസിക്കുന്ന കഥയാണ് “മോഡൽ”.
ഈ കഥയെഴുതിയതിന്റെ പേരിലായിരുന്നു ജയിൽവാസം. മാപ്പെഴുതിപ്പുറത്തിറങ്ങാൻ അദ്ദേഹം തയ്യാറായില്ല. അധികാരിവർഗ്ഗത്തെ വിറളിപിടിപ്പിച്ച മറ്റൊരു കഥയാണ് മന്ത്രിക്കെട്ട്.
അന്തോണീ നീയും അച്ഛനായോടാ..? പാളേങ്കോടൻ, നോൺസെൻസ്, ഒരു പിശാച് കൂടി എന്നീ കഥകൾ പൗരോഹിത്യത്തിന്റെ കാപട്യങ്ങളുടെ നേർക്കുള്ള വെളിപ്പെടുത്തലുകളാണ്.
” അന്തോണി നീയും അച്ചനായോടാ?” എന്ന കഥ കേരളത്തിലെ ചില സഭകളിൽ നടമാടുന്ന സമകാലിക സംഭവങ്ങളെ ഓർമ്മപ്പെടുത്തുന്നതാണ്. കാലിക പ്രസക്തിയുള്ളതാണ് പൊൻകുന്നം വർക്കിയുടെ എല്ലാ കഥകളും.
1930 മുതൽ 1955 വരെയുള്ള കാൽ നൂറ്റാണ്ട് കാലയളവിലാണ് വർക്കിയുടെ പ്രധാന കഥകളും നാടകങ്ങളും പുറത്തു വന്നിട്ടുള്ളത്.
പള്ളിമേടകളും ദിവാന്‍ ബംഗ്ളാവും വർക്കിയുയർത്തിയ കൊടുങ്കാറ്റിൽ പലപ്പോഴും ആടിയുലഞ്ഞിട്ടുണ്ട്. സ്വാതന്ത്രസമരത്തിന്‍റെ തീഷ്ണനാളുകളിൽ സര്‍. സി.പിയുയർത്തിയ ഏകാധിപത്യ പ്രവണതയ്ക്കെതിരെയും ക്രൈസ്തവ സഭയിലെ അനാചാരങ്ങളോടുള്ള കലാപവുമായിരുന്നു വര്‍ക്കിയുടെ സാഹിത്യജീവിതം എന്ന് ചുരുക്കിപ്പറയാം.
ആ കാലഘട്ടത്തിന്‍റെ രോഷം മുഴുവനും തൂലികയിലേക്കാവാഹിച്ച ഒരേയൊരു എഴുത്തുകാരൻ പൊന്‍കുന്നം വര്‍ക്കി മാത്രമാണ്. പള്ളിയുടെയും സഭാമേലധ്യക്ഷന്‍ മാരുടെയും കൊള്ളരുതായ്മകള്‍ ഇത്ര ഉച്ഛത്തിൽ വിളിച്ചുപറഞ്ഞ മറ്റൊരു വ്യക്തി അന്നോ ഇന്നോ മലയാളക്കരയിൽ ഉണ്ടായില്ല എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. നിശിത വിമര്‍ശനങ്ങളാണ് സഭയ്ക്ക് മേൽ വര്‍ക്കി ചൊരിഞ്ഞിട്ടുള്ളത്. എഴുത്തുകാരന്‍റെ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതാണ് അദ്ദേഹത്തിന്‍റെ മുഴുവൻ കഥകളും.
അന്ധവിശ്വാസങ്ങള്‍ക്കും പുരോഹിതവര്‍ഗത്തിനും എതിരെ വിശ്രമമില്ലതെ പണിയെടുത്തു. അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന്‍റെ തൂലിക അതിന് വേണ്ടി മാത്രം ചലിക്കുകയായിരുന്നു.
വര്‍ക്കിയുടെ കഥകള്‍ എന്നും മത മേലധ്യക്ഷന്മാർക്കും അധികാരി വര്‍ഗത്തിനും വിറളി പിടിപ്പിക്കുകതന്നെ ചെയ്തു.
നല്ലവനായ ആ ധിക്കാരി ജീവിതത്തിൽ ഒരിക്കൽപ്പോലും തന്റെ ആശയങ്ങളിൽ വെള്ളം ചേർത്തില്ല.
നവലോകം,സ്നേഹസീമ, ഭാര്യ, അൾത്താര, നിത്യകന്യക, കടലമ്മ, ചലനം, പേൾവ്യൂ, മകം പിറന്ന മങ്ക, ആശാദീപം, കാട്ടുപൂക്കൾ, സ്ക്കൂൾമാസ്റ്റർ, വിധി തന്ന വിളക്ക്, വിയർപ്പിന്റെ വില…. തുടങ്ങിയവയാണ് തിരക്കഥയെഴുതിയ ചിത്രങ്ങൾ.
മകം പിറന്ന മങ്ക, ചലനം എന്നീ സിനിമകളുടെ നിർമ്മാതാവായും പ്രവർത്തിച്ചിട്ടുണ്ട്. മരണം വരെ
മാക്ട വിശിഷ്ടാംഗമായിരുന്നു.
വള്ളത്തോൾ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, പത്മപ്രഭ പുരസ്കാരം, ലളിതാംബിക അന്തർജനം സാഹിത്യ അവാർഡ്, മുട്ടത്തുവർക്കി പുരസ്കാരം എന്നിവ പൊൻകുന്നം വർക്കിയെ തേടിയെത്തിയിട്ടുണ്ട്.
പാമ്പാടി ചേന്നം പള്ളിക്ക് സമീപമാണ് വർക്കിയുടെ സ്മൃതിമണ്ഡപം.
കേരളമെന്ന ഭ്രാന്താലയത്തെ ഉഴുതുമറിച്ച
ആ കലപ്പ എന്നും ശബ്ദിച്ചുകൊണ്ടേയിരിക്കും……