സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 7.5ശതമാനത്തില്‍നിന്ന് 12.5ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഉപഭോഗം കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നടപടി.
ഇറക്കുമതിയിലെ വര്‍ധന രൂപയെ സമ്മര്‍ദത്തിലാക്കുന്ന സാഹചര്യമുണ്ടായതിനാലാണ് തിരക്കിട്ട് തീരുവ വര്‍ധന പ്രഖ്യാപിച്ചത്. മെയ് മാസത്തെ വ്യാപാരക്കമ്മി 24.3 ബില്യണ്‍ ഡോളര്‍ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിനാല്‍ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ നീക്കം.
മുന്‍വര്‍ഷത്തെ ഇതേകാലയളവിലുള്ളതിനേക്കാള്‍ ഒമ്പതു മടങ്ങാണ് സ്വര്‍ണത്തിന്റെ ഇറക്കുമതിയിലുണ്ടായ വര്‍ധന. മെയ് മാസത്തില്‍മാത്രം 61000 കോടി രൂപ (7.7 ബില്യണ്‍ ഡോളര്‍)യുടെ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്.
സ്വര്‍ണ ഉപഭോഗത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ചൈനയാണ് മുന്നില്‍. രാജ്യത്തെ ആവശ്യത്തിനുള്ള സ്വര്‍ണത്തിലേറെയും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ബജറ്റിലാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 7.5ശതമാനമായി കുറച്ചത്.
ആഗോള വിപണിയില്‍ ഇടിവുണ്ടായെങ്കിലും തീരുവ ഉയര്‍ത്തിയതോടെ രാജ്യത്തെ സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തി. സംസ്ഥാനത്ത് സ്വര്‍ണവില പവന് 960 രൂപകൂടി 38,280 രൂപയായി. 37,320 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില മൂന്നുശതമാനം ഉയര്‍ന്ന് 51,900 രൂപയിലെത്തി.