IndiaNEWS

വിശ്വാസ വോട്ട്: ശിവസേന സുപ്രീം കോടതിയില്‍; ഹര്‍ജി വൈകിട്ട് അഞ്ചിന് പരിഗണിക്കും

വിമതരെ അയോഗ്യരാക്കുന്നതില്‍ തീരുമാനം ഉണ്ടാകാതെ വിശ്വാസവോട്ട് നടത്തരുതെന്ന് ശിവസേന

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ശിവസേന. 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ ആവശ്യം ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ മുമ്പില്‍ നില്‍ക്കെ അവിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനെതിരെയാണ് പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ച ഹര്‍ജി വൈകിട്ട് അഞ്ച് മണിക്ക് സുപ്രീം കോടതി പരിഗണിക്കും.

വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണര്‍ ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ ഒരു തീരുമാനം ഉണ്ടാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സാധിക്കില്ലെന്ന് ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Signature-ad

മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ മഹാരാഷ്ട്രയില്‍ ഉദ്ദവ് സര്‍ക്കാരിന്റെ കാലാവധി വീണ്ടും നീട്ടിക്കിട്ടും. എന്നാല്‍ ഇവ രണ്ടും രണ്ട് വിഷയമായി സുപ്രീം കോടതി പരിഗണിച്ചാല്‍ ഉദ്ദവ് താക്കറെ സര്‍ക്കാരിന് അത് തിരിച്ചടിയാകും. മഹാവികാസ് അഘാഡി സര്‍ക്കാരില്‍ നിന്ന് ശിവസേന വിട്ടു നില്‍ക്കാതെ പിന്തുണ നല്‍കില്ലെന്ന് വിമത എംഎല്‍എമാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നാളെ 11 മണിക്ക് സഭ ചേരുമെന്നും 5 മണിക്കകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നുമാണ് ഗവണറുടെ നിര്‍ദേശം. വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ ചിത്രീകരിക്കാനും നിര്‍ദേശമുണ്ട്. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എംഎല്‍എമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു.

ദില്ലിയില്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ദേവേന്ദ്ര ഫഡ് നാവിസ് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ് ഭാവനില്‍ എത്തിയത്. 8 സ്വതന്ത്ര എംഎല്‍എമാരും ഗവര്‍ണര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും ഫട്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണ വേണം. എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയും ചേര്‍ന്ന മഹാ അഘാഡി സഖ്യത്തിന് നിലവില്‍ 116 പേരുടെ പിന്തുണയാണ് ഉള്ളത്. എന്നാല്‍ വിമതര്‍ ഉള്‍പ്പടെ ബിജെപി സഖ്യത്തിന് 162 പേരുടെ പിന്തുണയുണ്ട്. അതേസമയം, ഒരു സഖ്യത്തില്‍ ഉള്‍പ്പെടാതെ ഏഴ് പേരും നിയമസഭയിലുണ്ട്.

കണക്കുകള്‍ ഇങ്ങനെ

മഹാ അഘാഡി സഖ്യം- 116

എന്‍സിപി 51

കോണ്‍ഗ്രസ് 44

ശിവസേന 16

മറ്റുള്ളവര്‍ 5

എന്‍ഡിഎ 162

ബിജെപി 106

വിമതര്‍ 39

സ്വതന്ത്രര്‍/ ചെറുപാര്‍ട്ടികള്‍ 9+8

മറ്റുള്ളവര്‍ 7

 

Back to top button
error: