KeralaNEWS

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം: പൊലീസിന് വീഴ്ച സംഭവിച്ചു; സ്‌പെഷ്യല്‍ ബ്രാഞ്ചിനുള്‍പ്പെടെ ജാഗ്രതക്കുറവുണ്ടായി

വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നത് സ്ഥിരീകരിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല എന്നുള്ളതാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനുള്‍പ്പെടെ ജാഗ്രതക്കുറവുണ്ടായെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. എസ്എഫ്‌ഐ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു.

പൊലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസിനകത്ത് കയറിയിട്ടും വേണ്ട നടപടി സ്വീകരിക്കാനായില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. സസ്‌പെന്‍ഷന്‍ നേരിട്ട കല്‍പ്പറ്റ ഡിവൈഎസ്പിയില്‍ നിന്നും ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരില്‍ നിന്ന് എഡിജിപി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവത്തില്‍ ഡിവൈഎസ്പി എം.ഡി. സുനില്‍കുമാറിനെ മാത്രം ബലിയാടാക്കിയെന്ന അതൃപ്തി സേനക്കുള്ളിലുണ്ട്.

ഇതിനിടെ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ചേര്‍ന്നു. ജില്ലയിലെ നേതാക്കളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് റിപ്പോര്‍ട്ട് തയ്യാറാക്കിയതായി സംസ്ഥാന പ്രസിഡന്റ് അനുശ്രീ പറഞ്ഞു. ഉടന്‍ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസും ഇതര പ്രതിപക്ഷ സംഘടനകളും സര്‍ക്കാരിനെ ഉന്നംവയ്ക്കുന്നതിനെതിരെ എല്‍ഡിഎഫ് രംഗത്തെത്തി.

സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് നാളെ എല്‍ഡിഎഫിന്റെ ബഹുജന റാലി കല്‍പ്പറ്റയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധ സമരം നടത്തുമ്പോള്‍ നിഷ്‌ക്രിയരായി നോക്കിനിന്നുവെന്നാരോപിച്ച് ഒരു എസ്‌ഐ ഉള്‍പെടെ 11 ഉദ്യോസ്ഥര്‍ക്ക് നോട്ടീസ് നല്‍കി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കാല്‍ടെക്‌സ് ജംഗ്ഷനിലെ പ്രതിഷേധത്തില്‍ ഈ പൊലീസുകാര്‍ ഇടപെട്ടില്ല എന്ന് സിസിടിവിയില്‍ തെളിഞ്ഞെന്നാണ് അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കുന്നത്.

അതേസമയം പ്രതിഷേധത്തില്‍ പങ്കെടുത്ത 11 യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാല്‍ടെക്‌സ് ജംഗ്ഷനില്‍ ഉപരോധ സമരം നടത്തിയിരുന്നു.

പ്രതിഷേധക്കാരെ നീക്കുന്നതിനിടെ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ പ്രവര്‍ത്തകര്‍ പൊലീസ് വാനിന്റെ മുകളില്‍ മുകളില്‍ കയറി നിന്ന് കൊടി വീശി. സംഘര്‍ഷമുണ്ടായപ്പോള്‍ ചക്കരക്കല്‍ ഗ്രേഡ് എസ്‌ഐ വിനോദ് കുമാര്‍, ടൗണ്‍ എഎസ്‌ഐ ജയദേവന്‍ ഉള്‍പെടെ 11 പൊലീസുകാര്‍ നിഷ്‌ക്രിയരായി നോക്കി നിന്നു എന്നാണ് ആരോപണം. സിസിടിവി പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായെന്നും അസി. കമ്മീഷണര്‍ ടികെ രത്‌നകുമാര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.

അതേസമയം റോഡ് ഉപരോധ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഷമ്മാസ് ഉള്‍പെടെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. മുഖ്യമന്ത്രിക്കതിരായ തുടര്‍ സമരങ്ങളെ ഭയന്നാണ് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Back to top button
error: