LocalNEWS

അനാപ്ലസ്മ ബാധിച്ച് രക്തം കുറഞ്ഞ് ഗുരുതരാവസ്ഥയിലായ പശുവിന് രക്തം കയറ്റി രക്ഷപെടുത്തി

 ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കുന്നതാണ് കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങള്‍. രോഗം വന്ന് പാല്‍ ഉത്പാദനം കുറയുകയും മൃഗങ്ങള്‍ ചത്തു പോകുകയും ചെയ്യുന്നു. സാമ്പത്തികമായി വലിയ നഷ്ടമാണ് ഇത് കര്‍ഷകര്‍ക്ക് വരുത്തിവയ്ക്കുക. ഇതിനാല്‍ പലരും പശുവളര്‍ത്തല്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു.
അനാപ്ലസ്മ എന്ന ഗുരുതരമായ രോഗം ബാധിച്ച പശുവിനെ വെറ്ററിനറി ഡോക്ടർമാരുടെ കൃത്യമായ ഇടപെടലിലൂടെ രക്ഷിക്കാൻ കഴിഞ്ഞു.

അനാപ്ലസ്മ ബാധിച്ച് രക്തം കുറഞ്ഞ പശുവിന് രക്തം കയറ്റിയാണ് രക്ഷപെടുത്തിയത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മുതുകാട് നരേന്ദ്രദേവ് കോളനിയിലെ ജനാർദ്ദനന്റെ ഉടമസ്ഥതയിലുള്ള പശുവിനാണ് പേരാമ്പ്ര ഗവ. വെറ്ററിനറി പോളിക്ലിനിക്കിലെ സർജൻ ഡോ. ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം രക്തം കയറ്റിയത്.

പശുക്കളിൽ രക്തം കയറ്റുന്നത് അത്ര സാധാരണമല്ല. വനപ്രദേശങ്ങളിൽ കാണുന്ന ചെള്ളുകൾ പരത്തുന്ന രോഗമാണ് അനാപ്ലസ്മ.
ജെഴ്സി ഇനത്തിൽപെട്ട മറ്റൊരു പശുവിന്റെ ഒന്നര ലിറ്റർ രക്തം എടുത്ത് ഐസ് പാക്കിൽ നിറച്ച് എത്തിച്ചാണ് മൂന്ന് കിലോമീറ്റർ ദൂരെയുള്ള ജനാർദ്ദനന്റെ പശുവിനു കയറ്റിയത്. ഡോ. ജിഷ്ണുവിനോടൊപ്പം ഹൗസ് സർജന്മാരായ ഡോ. ബ്രെൻഡ ഗോമസ്, ഡോ. അബിൻ കല്യാൺ എന്നിവരും പങ്കാളികളായി.
പശു സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.

Back to top button
error: