KeralaNEWS

പ്രതിപക്ഷത്തെ നിര്‍ത്തിപ്പൊരിച്ച് ശൈലജ ടീച്ചര്‍; മുഖ്യമന്ത്രിക്ക് നേരെ ഇ.ഡി വരുമ്പോള്‍ ആഹാ… രാഹുലിന് നേരെ വരുമ്പോള്‍ ഓഹോ…, പ്രതിപക്ഷം ഇവിടെ ഇ.ഡിയുടെ വക്താക്കളാകുന്നു

സതീശന്‍ എത്രമാത്രം തരംതാഴാന്‍ കഴിയുന്നുവോ അത്രമാത്രം തരംതാഴുന്നു, കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ആക്രോശിച്ച് പാഞ്ഞെത്തുന്നവരെ ജയരാജന്‍ പിന്നെ എന്ത് ചെയ്യണമായിരുന്നുവെന്നും ശൈലജ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ പോരിനിറങ്ങിയ പ്രതിപക്ഷത്തെ സഭയില്‍ നേരിട്ട് കെ.കെ. ശൈലജ ടീച്ചര്‍. പ്രതിപക്ഷത്തെയും പ്രതിപക്ഷനേതാവിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും കണക്കറ്റ് പരിഹസിച്ചും ആക്രമിച്ചുമായിരുന്നു ശൈലജ ടീച്ചറിന്‍െ്‌റ നിയമസഭയിലെ പ്രസംഗം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടാണെന്ന് അവര്‍ ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും ഇല്ലാതെ ഏജന്‍സികള്‍ മടങ്ങിപ്പോയി. മുഖ്യമന്ത്രിക്ക് നേരെ ഇ.ഡി വരുമ്പോള്‍ ആഹാ… രാഹുലിന് നേരെ വരുമ്പോള്‍ ഓഹോ…എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. രാഹുലിന്റെ കാര്യത്തില്‍ ഇ.ഡിക്കെതിരെ സമരം ചെയ്യുന്നവര്‍ ഇവിടെ അവരുടെ വക്താക്കളാകുന്നുവെന്നും ശൈലജ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്.എഫ്.ഐ കയറിയത് തെറ്റ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് അക്രമിക്കുന്നത് തെറ്റാണ്. അത് കോണ്‍ഗ്രസിന്റെ രീതിയാണ്. അതിനെ അംഗീകരിക്കാത്തതുകൊണ്ടാണ് എസ്എഫ്ഐയുടെ പ്രവര്‍ത്തിയെ അപലപിച്ചതും തള്ളിപ്പറഞ്ഞതും. അതിന്റെ പേരില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ അതിക്രമിക്കുന്നത് കോണ്‍ഗ്രസ് സ്വീകരിക്കുന്ന അപകടകരമായ നിലപാടാണെന്ന് അവര്‍ പറഞ്ഞു.

സതീശന്‍ എത്രമാത്രം തരംതാഴാന്‍ കഴിയുന്നുവോ അത്രമാത്രം തരംതാഴുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേയുള്ള വിമര്‍ശനം. തൃക്കാക്കര തിരഞ്ഞെടുപ്പ് ജയം കോണ്‍ഗ്രസിനെ അഹങ്കാരികളാക്കി മാറ്റിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ് അത്. അവര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ വിജയിച്ചപ്പോള്‍ മുങ്ങുന്ന കപ്പലിന് ഒരു കച്ചിത്തുരുമ്പാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

പി.ടി തോമസിന്റെ മരണത്തിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പ്, അദ്ദേഹത്തിന്റെ ഭാര്യ സ്ഥാനാര്‍ഥിയായി മത്സരിച്ചു തുടങ്ങിയ ചില ഘടകങ്ങളും അതിലുണ്ട്. തൃക്കാക്കര ജയത്തില്‍ ആഹ്ളാദിക്കാന്‍ മാത്രം ഉണ്ടോയെന്ന് കോണ്‍ഗ്രസുകാര്‍ ആലോചിക്കണം. അതിന്റെ പേരില്‍ എല്ലാം നേടി എന്ന് കരുതുമ്പോള്‍ ജനങ്ങളില്‍നിന്ന് എത്ര അകലെയാണ് എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയില്ലെങ്കില്‍ സര്‍വനാശം സംഭവിക്കുമെന്ന് ഓര്‍മ്മിക്കാനും ശൈലജ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ പണം കൊടുത്ത് ജയിക്കും എന്ന പ്രസംഗം കെപിസിസി പ്രസിഡന്റ് നടത്തിയെന്നും പ്രസംഗം പകുതിയായപ്പോള്‍ ആരോ തടഞ്ഞുവെന്നും അവര്‍ പറഞ്ഞു. വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ച സംഭവത്തെ അപലപിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവും തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാരായ പ്രതിഷേധക്കാര്‍ വിമാനത്തിനുള്ളില്‍ കാണിച്ചതെന്താണ്. രാഷ്ട്രീയ മാന്യതയുണ്ടെങ്കില്‍ ആ വിഷയത്തിനെ തള്ളി പറയാന്‍ കഴിഞ്ഞോ.

തള്ളിപ്പറഞ്ഞില്ലെന്ന് മാത്രമല്ല മാലയിട്ട് സ്വീകരിക്കുകയും ചെയ്തു.മുഖ്യമന്ത്രിയെ ആക്രമിക്കാനും അപായപ്പെടുത്താനും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പണം കൊടുത്ത് ടിക്കറ്റ് എടുത്ത് പറഞ്ഞ് വിട്ടു. മുഖ്യമന്ത്രിയെ പ്രതിരോധിക്കുകയാണ് പ്രതിഷേധക്കാരെ തടഞ്ഞ് ഇ.പി ജയരാജന്‍ ചെയ്തത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ആക്രോശിച്ച് പാഞ്ഞെത്തുന്നവരെ പിന്നെ എന്ത് ചെയ്യണമായിരുന്നുവെന്നും ശൈലജ ചോദിച്ചു.

 

Back to top button
error: