KeralaNEWSReligion

പെരുമ്പാവൂര്‍ എം.എല്‍.എയുടെ സ്വകാര്യ ബില്ല് ഭരണഘടനാവിരുദ്ധവും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും: ബിജു ഉമ്മന്‍

കോട്ടയം: പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പള്ളി മലങ്കരസഭ തര്‍ക്കവുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് പറയുന്ന സ്വകാര്യ ബില്ല്, ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍. രാജ്യത്തിന്റെ നിയമമായ സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറിവോടുകൂടിയാണോ എം.എല്‍.എയുടെ ഭരണഘടനാ വിരുദ്ധമായ ശ്രമമെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കുവാനും ജുഡീഷ്യറിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കുവാനും ഉത്തരവാദിത്വമുള്ള സാമാജികര്‍, ബാലിശമായ വിവാദങ്ങളുയര്‍ത്തി സാമര്‍ത്ഥ്യം പ്രദര്‍ശിപ്പിക്കുവാന്‍ നിയമസഭ വേദിയാകുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയുടെ അന്തിമ വിധി മാനിച്ച് ശാശ്വത സമാധാനത്തിന് സര്‍ക്കാര്‍ നടത്തുന്ന നിയമാനുസൃത ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുവാന്‍ പെരുമ്പാവൂര്‍ എംഎല്‍എ നടത്തുന്ന വിചിത്രമായ ഒറ്റയാള്‍ പ്രദര്‍ശനം സത്യപ്രതിജ്ഞാലംഘനമാണ്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുവാന്‍ ഇദ്ദേഹം നടത്തുന്ന ശ്രമങ്ങളെ ഉത്തരവാദിത്തപ്പെട്ടവര്‍ വിലക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ ബിജു ഉമ്മന്‍ പറഞ്ഞു.

Back to top button
error: