MovieNEWS

വിജയ് ബാബുവിനെതിരെ നടപടിയില്ല, ദീലിപിനെതിരേ നടപടിയെടുത്തത് തെറ്റ്, ആഭ്യന്തര പരാതിപരിഹാര സെല്‍ ഇനിയില്ല; ഷമ്മിക്കെതിരായ നടപടി എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് വിട്ടു; തീരുമാനങ്ങള്‍ വിശദീകരിച്ച് അമ്മ

കൊച്ചി: നടന്‍ ഷമ്മി തിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് താര സംഘടന അമ്മ. ഷമ്മി ഇപ്പോഴും താരസംഘടനയിലെ അംഗമാണ്. ജനറല്‍ ബോഡിക്ക് പുറത്താക്കാന്‍ അഭിപ്രായമില്ല. എക്‌സിക്യൂട്ടീവ് കമ്മറ്റിക്കാണ് അതിന് അധികാരം. ഷമ്മിക്കെതിരെ നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും കൊച്ചിയില്‍ അമ്മ ഭാരവാഹികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടന്‍ സിദ്ദിഖ് പറഞ്ഞു.

ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തതിനെ താരസംഘടനയായ ‘അമ്മ’ ന്യായീകരിച്ചു. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നില്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ‘അമ്മ’ ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ0ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു. വിജയ് ബാബു വിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല. ദിലീപിനെ പുറത്താക്കാന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു.

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് വാര്‍ത്താ മാധ്യമങ്ങളിലൂടെയൊക്കെ ഷമ്മി സംഘടനയ്‌ക്കെതിരെ ഒരുപാടുകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. മാഫിയാ സംഘമാണെന്നുവരെ പറഞ്ഞു. അതില്‍ അമ്മയുടെ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറല്‍ ബോഡിയിലും അത് പറഞ്ഞതാണ്. ഇന്ന് പൊതുയോഗം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തുകയുമായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.

ഇനി അദ്ദേഹത്തെ വിളിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്യും. അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് നടപടിയെടുക്കുക. ഇന്ന് അദ്ദേഹം വരാതിരുന്നതിനാല്‍ അദ്ദേഹത്തിന് പറയാനുള്ളതെന്തെന്ന് കേട്ടിരുന്നില്ല. ഭൂരിഭാഗം പേരുടേയും അഭിപ്രായം ഷമ്മി തിലകനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണമെന്നതായിരുന്നു. അതേസമയം വിജയ് ബാബു വിഷയത്തില്‍ അമ്മയിലെ പരാതി പരിഹാര സെല്ലില്‍ നിന്ന് രാജിവെച്ചവരുടെ രാജി സ്വീകരിച്ചതായി ഇടവേള ബാബു പറഞ്ഞു.

‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാതായി എന്ന് ഇടവേള ബാബു പറഞ്ഞു. സിനിമയ്ക്ക് മുഴുവനായി പരാതി പരിഹാര സെല്‍ എന്ന നിലയിലാകും ഇനി പ്രവര്‍ത്തിക്കുക. കേരള ഫിലിം ചേംബറിന്റെ കീഴിലാകും ഈ പരാതി പരിഹാര സെല്‍ പ്രവ4ത്തിക്കുക എന്നും ഇടവേള ബാബു പറഞ്ഞു. ‘അമ്മ’ തൊഴില്‍ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷം ബൈലോയില്‍ ഭേദഗതി വരുത്തി. പുതിയ നടപടികള്‍ ഈ ഭേദഗതി പ്രകാരമാണെന്നും ഇടവേള ബാബു വിശദീകരിച്ചു.

Back to top button
error: