മൂന്നുവർഷം മുമ്പ് എയർപോർട്ടിൽ കാണാതായ ബാഗ് അപ്രതീക്ഷിതമായി തിരികെ, അനുഭവം പങ്കുവച്ച് യുവതി
മൂന്നുവർഷം മുമ്പ് നഷ്ടപ്പെട്ടുപോയ ഒരു ബാഗ് അപ്രതീക്ഷിതമായി തന്റെ കയ്യിലെത്തിയതിന്റെ കഥ പങ്കുവച്ചിരിക്കയാണ് ഒരു പാകിസ്ഥാൻ സ്വദേശിനി. ലാഹോറിൽ നിന്നുള്ള ഖദീജ എം എന്ന സ്ത്രീയാണ് തന്റെ ട്വിറ്റർ ത്രെഡിൽ കഥ പങ്കുവെച്ചത്. 2018 -ലെ വിമാനയാത്രയ്ക്ക് ശേഷം ഇസ്‌ലാമാബാദ് എയർപോർട്ടിൽ വെച്ച് തന്റെ ലാപ്‌ടോപ്പ് ബാഗ് നഷ്ടപ്പെട്ടത് എങ്ങനെയെന്ന് സൂചിപ്പിച്ചു കൊണ്ടാണ് അവർ അനുഭവം തുടങ്ങിയിരിക്കുന്നത്.
Just realised I never told twitter this bizarre story. In 2018 I lost my laptop bag at Islamabad airport after an exhausting flight. It had my iPad, kindle and a hard disk. The hard disk had all my phone's backup. I was devastated but I got over it.
— Khadija M. (@5odayja) June 22, 2022
“അതിൽ എന്റെ ഐപാഡ്, കിൻഡിൽ, ഒരു ഹാർഡ് ഡിസ്ക് എന്നിവ ഉണ്ടായിരുന്നു. ഹാർഡ് ഡിസ്കിൽ എന്റെ ഫോണിന്റെ എല്ലാ ബാക്കപ്പും ഉണ്ടായിരുന്നു. ഞാൻ തകർന്നുപോയി, പക്ഷേ ഞാൻ ആ അനുഭവം മറികടന്നു” അവൾ പറഞ്ഞു. മൂന്ന് വർഷം കഴിഞ്ഞു. 2021 -ൽ, ഖദീജ സംഭവം പൂർണ്ണമായും മറന്ന് ഒരു പുതിയ കിൻഡിലും ടാബ്‌ലെറ്റും വാങ്ങി. അപ്പോഴാണ് ഖദീജയുടെ നഷ്ടപ്പെട്ട വസ്തുക്കൾ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ് ഝലമിലെ ഒരു മൊബൈൽ ഷോപ്പ് ഉടമയിൽ നിന്ന് അവൾക്ക് ഒരു കോൾ ലഭിക്കുന്നത്.
ആദ്യം അയാൾ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് ഖദീജയ്ക്ക് മനസ്സിലായില്ല, പക്ഷേ അവൾക്ക് നഷ്ടപ്പെട്ട ബാഗ് ഓർമ്മ വന്നു. “അദ്ദേഹം എനിക്ക് ബാഗിലുണ്ടായിരുന്ന വസ്തുക്കളുടെ ചിത്രങ്ങൾ അയച്ചു തന്നു. അത് എന്റെ വസ്തുക്കൾ തന്നെയായിരുന്നു. എന്റെ സൺഗ്ലാസും അതിൽ എന്റെ എഴുത്തുകളുള്ള ഒരു നോട്ട്ബുക്കും അതിൽ ഉൾപ്പെടുന്നു” ഖദീജ എഴുതി.
ആ വസ്തുക്കൾ വിൽക്കാൻ വന്നിരിക്കുന്നയാൾ അതിന്റെ യഥാർത്ഥ ഉടമയല്ലെന്ന് സംശയം തോന്നിയപ്പോൾ ഹാർഡ് ഡിസ്ക് നോക്കിയാണ് മൊബൈൽ ഷോപ്പുടമ യഥാർത്ഥ ഉടമയെ കണ്ടെത്തുന്നതും വിളിക്കുന്നതും. അതിൽ ചില സ്ക്രീൻഷോട്ടുകളുണ്ടായിരുന്നു. ഖദീജയും റൂംമേറ്റും തമ്മിൽ സംസാരിച്ചതിന്റെ സ്ക്രീൻഷോട്ടായിരുന്നു അത്. അതിൽ കൂട്ടുകാരിയുടെ നമ്പർ കാണാമായിരുന്നു അതിൽ വിളിച്ച് നമ്പറെടുത്ത ശേഷമാണ് അയാൾ ഖദീജയെ വിളിക്കുന്നത്.
സഹോദരനൊപ്പം ചെന്നാണ് ഖദീജ ബാഗ് വാങ്ങിയത്. അതൊരു ചെറിയ ഗ്രാമമായിരുന്നു. ആ മൊബൈൽ ഷോപ്പും വളരെ ചെറുതായിരുന്നു. എന്നിട്ടും അദ്ദേഹം ഖദീജയുടെ ബാഗ് തിരികെ ഏൽപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നതെല്ലാം ചെയ്തു. അതിന് ഖദീജ നേരിൽ നന്ദി പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഉണ്ടായത്. ബാഗ് ഒരിക്കലും തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആ മനുഷ്യന്റെ സത്യസന്ധതയിൽ അത്ഭുതപ്പെട്ടുപോയി എന്നും ഖദീജ പറഞ്ഞു.