വയനാട്: വയനാട് ഡിസിസി ഓഫീസിലെത്തിയ പൊലീസുകാർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സുരക്ഷയൊരുക്കാനായി വയനാട് ഡിസിസി ഓഫീസിലെത്തിയ പൊലീസിന് നേരെ നേതാക്കളുടെ രോഷം അണപൊട്ടി. ഡിവൈഎസ്പി അടക്കമുള്ള പൊലീസുദ്യോഗസ്ഥർ ഇതേത്തുടർന്ന് ഡിസിസി ഓഫീസിന് പുറത്തേക്ക് മാറി.
പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ വാർത്താസമ്മേളനത്തിനിടെയുണ്ടായ വാക്കുതർക്കത്തിന്‍റെ ശബ്ദം കേട്ട് അകത്തേക്ക് കയറിയ പൊലീസിന് നേരെ ടി സിദ്ദിഖ് പൊട്ടിത്തെറിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് സുരക്ഷയൊരുക്കാൻ കഴിയാതിരുന്ന പൊലീസ് തൽക്കാലം ഇവിടെ വന്ന് സുരക്ഷ തരണ്ട എന്നായിരുന്നു നേതാക്കളുടെ വാദം.
‘പോയി ക്രിമിനലുകൾക്ക് പ്രൊട്ടക്ഷൻ കൊടുക്ക്, ഞങ്ങൾക്ക് നിങ്ങളുടെ പ്രൊട്ടക്ഷനൊന്നും വേണ്ട’, ടി സിദ്ദിഖ് പൊട്ടിത്തെറിച്ചു. നേതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് സംഘം ഡിസിസി ഓഫീസിന് പുറത്തേക്ക് മാറുകയായിരുന്നു. പൊലീസിന്‍റെ അനാസ്ഥയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ഇത്തരത്തിൽ ആക്രമിക്കപ്പെടാൻ കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അതിനാൽത്തന്നെ ആ ഓഫീസിന് സുരക്ഷയൊരുക്കാൻ കഴിയാതിരുന്ന പൊലീസ് തൽക്കാലം ഡിസിസി ഓഫീസിന് സുരക്ഷയൊരുക്കാൻ വരണ്ട എന്നായിരുന്നു നേതാക്കൾ പറഞ്ഞത്.
”ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് സംരക്ഷിക്കാനും ഇവിടത്തെ പ്രവർത്തകരെ സംരക്ഷിക്കാനും കോൺഗ്രസുകാർക്കറിയാം. അതിന് പിണറായിയുടെ വാലാട്ടികളായ ഒരു പൊലീസുകാരും ആവശ്യമില്ല. ഈ ഡിസിസി ഓഫീസിലേക്ക് സുരക്ഷയുടെ പേര് പറഞ്ഞ് ഒരു പൊലീസും ഇങ്ങോട്ടും കയറേണ്ടതില്ല”, ഡിസിസി നേതാക്കൾ പറയുന്നു.