KeralaNEWS

എസ്.എഫ്.ഐക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എന്തിന് ആക്രമിച്ചു?

ബഫര്‍ സോണ്‍ വിഷയത്തില്‍ പരിഹാര ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

തിരുവനന്തപുരം: പൂര്‍ണമായും സുപ്രീം കോടതിയുടെ വിവേചനാധികാരത്തില്‍ നില്‍ക്കുന്ന ഒരു വിഷയത്തിലാണ് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ബഫര്‍ സോണില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അപേക്ഷ നല്‍കണമെന്നാണ് കോടതി ഉത്തരവിലുളളത്. എന്നാല്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു സര്‍വകക്ഷി യോഗം പോലും വിളിച്ചു ചേര്‍ത്തില്ലെന്ന വിമര്‍ശങ്ങള്‍ക്കിടെയാണ് എസ്എഫ്ഐ സംഘം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ത്തത്.

സംസ്ഥാനത്തെ എല്ലാവന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ണയിക്കണമെന്ന് കാണിച്ച് ഇക്കഴിഞ്ഞ മൂന്നാം തീയതി സുപ്രീം കോടതി ഇറക്കിയ ഉത്തരവില്‍ ഇങ്ങനെ പറയുന്നു. പൊതുജനതാല്‍പര്യാര്‍ത്ഥം ഈ ദൂരപരിധിയില്‍ ഇളവ് ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ സ്ഥാപനങ്ങള്‍ക്കും സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാം.

ഈ ഏജന്‍സികള്‍ ഇതു സംബന്ധിച്ച് കോടതിയില്‍ ശുപാര്‍ശ സമര്‍പ്പിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ കോടതി ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതാണ്. അതായത് ബഫര്‍ സോണ്‍ വിഷയത്തില്‍ ഇനി പരിഹാര ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് വ്യക്തം. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു. കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്രത്തെയും CEC യെയും ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം കേന്ദ്ര മന്ത്രിയെ കാണണമെന്ന് കര്‍ഷക സംഘടനകളും ആവശ്യപ്പെട്ടു .

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഈ നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. പകരം ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ വിഷയങ്ങള്‍ക്ക് സമാനമായ പ്രക്ഷോഭം മുന്നില്‍ കണ്ട ഇടതുമുന്നണി വിവിധ ജില്ലകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വിഷയം കേന്ദ്രത്തിനെതിരെ തിരിച്ചുവിട്ടു. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ച നടപടിയും ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നേതാക്കളുടെ നിലപാട് ഏറ്റെടുത്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ അക്രമം നടത്തിയത്.

Back to top button
error: