കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തിന് പിന്നാലെ പൊലീസിനെ വെല്ലുവിളിച്ച് എസ്എഫ്ഐ മുൻ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്‍.അവിഷിത്ത്. വയനാട് എംപിക്ക് സന്ദര്‍ശനത്തിന് വരാനുള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലം. ഈ സംഭവത്തിന്റെ പേരില്‍ കേരളത്തിലെ പോലീസ് എസ്എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ തങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരുമെന്നും അവിഷിത്ത് പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫ് അംഗമായിരുന്നു അവിഷിത്ത് കെ ആര്‍. എന്നാല്‍, നിലവില്‍ ഇയാള്‍ തന്റെ സ്റ്റാഫംഗം അല്ലെന്നും ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷിത്ത് ഒഴിവായി എന്നുമാണ് വിഷയത്തില്‍ ആരോഗ്യമന്ത്രി നല്‍കുന്ന വിശദീകരണം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അവിഷിത്ത് പങ്കാളിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അവിഷിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എസ്എഫ്‌ഐ എന്തിന് ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടണം, എസ്എഫ്‌ഐക്ക് അതില്‍ ഇടപെടാന്‍ എന്ത് ആവശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ എസ്എഫ്‌ഐയുടെ കൂടെ വിഷയമാണ്. സമരത്തില്‍ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങള്‍ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ.
ഇപ്പോള്‍ വയനാട് എംപി വീണ്ടും മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് വരുന്നുണ്ട് പോലും. വീണ്ടും ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ് വയനാട് എംപിക്ക് സന്ദര്‍ശനത്തിന് വരാന്‍ ഉള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലം. ഈ സംഭവത്തിന്റെ പേരില്‍ എസ്എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ കേരളത്തിലെ പോലീസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരും.