ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം.പി. ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഎം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് – എന്‍.എസ്.യു പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ദേശീയ നേതാക്കള്‍ ആരും മാര്‍ച്ചില്‍ പങ്കെടുത്തില്ല. ഡല്‍ഹി സംസ്ഥാന കമ്മിറ്റിയാണ് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അദ്ദേഹം ഉള്‍പ്പെടെയുള്ള ഒരു പ്രമുഖ നേതാക്കളും എത്തിയില്ല.
എകെജി ഭവന് നൂറ് മീറ്റര്‍ അകലെ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. എകെജി ഭവന് മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് ഡല്‍ഹി പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെങ്കിലും അത് മറികടന്ന് മുന്നോട്ട് പോകനുള്ള ശ്രമം ഉണ്ടായില്ല. എസ്എഫ്ഐക്കും സിപിഎമ്മിനുമെതിരെ മുദ്രാവാക്യം വിളിച്ചും രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് മാര്‍ച്ച് നടത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിന് പിന്നാലെ ഡല്‍ഹിയിലെ എകെജി ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഓഫീസ് പരിസരം ബാരിക്കേഡുകള്‍ വെച്ച് അടച്ച് പ്രവേശനം തടഞ്ഞിരിക്കുകയാണ്. പാര്‍ക്കിങ്ങിനും അനുവാദമില്ല. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ കൂട്ടിയത്. ഡല്‍ഹി പോലീസിന് പുറമേ കേന്ദ്രസേനാ വിഭാഗങ്ങളെകൂടി എകെജി ഭവന് സമീപം വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വെള്ളിയാഴ്ച വൈകുന്നേരമാണ് കോണ്‍ഗ്രസ് നേതാവും വയനാട് എം.പി.യുമായ രാഹുല്‍ ഗാന്ധിയുടെ കല്പറ്റയിലെ ഓഫീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ കരുതല്‍മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ലെന്ന് ആരോപിച്ച് നടത്തിയ എസ്എഫ്ഐ മാര്‍ച്ചിനിടെയായിരുന്നു അക്രമം.