പത്തനംതിട്ട: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്ത അവിഷിത്ത് ഇപ്പോള്‍ തന്റെ സ്റ്റാഫംഗം അല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ മാസം ആദ്യമാണ് വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷിത്ത് ഒഴിവായത് എന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. വിഷയത്തില്‍ മന്ത്രിക്കെതിരേ പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയാറെടുക്കുന്നതിനിടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. ആക്രമണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്നത് ഗുണ്ടായിസം കാണിക്കാനല്ലെന്നും ഇത്തരം അക്രമികളെ കൂടെ കൊണ്ടു നടക്കുന്ന ആരോഗ്യ മന്ത്രിയെ വഴിയില്‍ തടയുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ അക്രമം നടന്നത്. നടന്ന അക്രമം വിദ്യാര്‍ഥി സമൂഹത്തിന് അപമാനമാണ്. എസ്എഫ്ഐ. ആക്രമണത്തിന് വിഷയം ബഫര്‍ സോണല്ല, രാഹുല്‍ ഗാന്ധിയാണെന്നും ഷാഫി പറഞ്ഞു.
ഡിവൈഎസ്പിയുടെ സസ്പെന്‍ഷനില്‍ വിഷയം തീരില്ല, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം, കേരളത്തിന്റെ ഏറ്റവും ദുര്‍ബലമായ ആഭ്യന്തര വകുപ്പിന്റെ തലപ്പത്താണ് മുഖ്യമന്ത്രിയുള്ളത്. സി പി എമ്മിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. ജനാധിപത്യ മാതൃക നില നിര്‍ത്തിക്കൊണ്ടാവാം പ്രതിഷേധം. ഗൂഡാലോചനയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം. പിടിക്കപ്പെട്ട 19 എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നടപടി ഒതുങ്ങരുത്. കൂടുതല്‍ പേരിലേക്ക് നടപടി വേണമെന്നും ഷാഫി ആവശ്യപ്പെട്ടു.
അതേസമയം, അവിഷിത്തിനെ പ്രതി പട്ടികയില്‍ നിന്നൊഴിവാക്കാന്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് വിവരം. എസ്എഫ്ഐയുടെ മുന്‍ ജില്ലാ വൈസ് പ്രസിഡന്റാണ് അവിഷിത്ത്. ഇയാള്‍ വൈകിയാണ് സംഭവസ്ഥലത്തെത്തിയത് എന്നാണ് സിപിഎം നേതാക്കള്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്.
കേസില്‍ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്‍പ്പറ്റ പൊലീസാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. കേസില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് ഇന്നലെ അറസ്റ്റിലായത്. ഇവരെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.