KeralaNEWS

നോണ്‍ പ്രാക്ടീസിങ് അലവന്‍സ് കൈപ്പറ്റി ഡോക്ടര്‍മാര്‍ വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി ആക്ഷേപം

അമ്പലപ്പുഴ: നോണ്‍ പ്രാക്ടീസിങ് അലവന്‍സ് മാസം തോറും െകെപ്പറ്റി ഡോക്ടര്‍മാര്‍ വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു.സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിമാസം ചോരുന്നത് നാല് കോടിയില്‍പ്പരം രൂപ. കണ്ണടച്ച് സര്‍ക്കാരും ആരോഗ്യ വകുപ്പും.വി.എസ് സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജാശുപത്രി ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസിങ് അലവന്‍സ് നല്‍കിത്തുടങ്ങിയത്.

സാധാരണ രോഗികള്‍ക്ക് കൂടുതല്‍ സമയം മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായാണ് ഈ പ്രത്യേക അലവന്‍സ് നല്‍കിത്തുടങ്ങിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജാശുപത്രികളിലെ ഭൂരിഭാഗം ഡോക്ടര്‍മാരും വീടുകളില്‍ പ്രാക്ടീസ് നടത്തുന്നതു മൂലം ആശുപത്രികളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരമായാണ് വീടുകളില്‍ പ്രാക്ടീസ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പ്രാക്ടീസ് ഒഴിവാക്കിയ ഡോക്ടര്‍മാര്‍ക്ക് ബേസിക് പേയുടെ 20 ശതമാനമാണ് ഇത്തരത്തില്‍ നോണ്‍ ഫ്രാക്ടീസിംഗ് അലവന്‍സായി നല്‍കുന്നതെന്ന് പൊതു പ്രവര്‍ത്തകനായ കാക്കാഴം താഴ്ചയില്‍ നസീറിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ആരോഗ്യ വകുപ്പ് അറിയിച്ചു.

വി.എസ് സര്‍ക്കാരിന്റെ കാലത്താരംഭിച്ച നോണ്‍ പ്രാക്ടീസിങ് അലവന്‍സ് ഇപ്പോഴും നല്‍കി വരികയാണ്.സ്വകാര്യ പ്രാക്ടീസ് നടത്താതിരിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ഈ അലവന്‍സും വാങ്ങി ഡോക്ടര്‍മാര്‍ വീടുകളിലുള്‍പ്പെടെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും സര്‍ക്കാരും ആരോഗ്യ വകുപ്പും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് 11 മെഡിക്കല്‍ കോളജാശുപത്രികളിലായി 2,111 ഡോക്ടര്‍മാര്‍ക്കായി 4,33, 69,856 രൂപയാണ് ഒരു മാസം നോണ്‍ പ്രാക്ടീസിങ് അലവന്‍സായി നല്‍കുന്നതെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമായി. ഭൂരിഭാഗം ഡോക്ടര്‍മാരും ഉച്ചക്ക് 12 കഴിയുന്നതോടെ തന്നെ ആശുപത്രികളിലെ സേവനം അവസാനിപ്പിച്ച് വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുകയാണ്. പ്രശസ്തരായ തിരക്കേറിയ ഡോക്ടര്‍മാര്‍ അര്‍ധരാത്രി വരെ പ്രാക്ടീസ് നടത്തി ദിവസവും പതിനായിരങ്ങളാണ് സമ്പാദിക്കുന്നത്.

പാവപ്പെട്ട രോഗികളെ ഈ രീതിയില്‍ പിഴിയുന്നതിനൊപ്പം ലാബുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, സ്‌കാനിങ് സെന്ററുകള്‍, മരുന്നു കമ്പനികള്‍ എന്നിവരില്‍നിന്ന് കമ്മിഷനായും ഉപഹാരമായും സമ്പാദിക്കുന്നുണ്ട്. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് നല്‍കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ശമ്പളം കൂടാതെ നോണ്‍ പ്രാക്ടീസിംഗ് അലവന്‍സും െകെപ്പറ്റി സ്വകാര്യ പ്രാക്ടീസ് ഇനത്തിലും പണം സമ്പാദിച്ച് ലക്ഷങ്ങളാണ് ഡോക്ടര്‍മാര്‍ ഒരു മാസം നേടുന്നത്.ഇത് കണക്കിലെടുത്ത് സ്വകാര്യ പ്രാക്ടീസ് നിരോധിക്കുകയോ നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് നല്‍കുന്നത് നിര്‍ത്തുകയോ ചെയ്യണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.

Back to top button
error: