ഒഡീഷ: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിവാഹ തീയതിയും കുറിച്ച് ഒടുവില്‍ ചടങ്ങിലെത്താതിരുന്ന വരനെതിരെ പൊലീലീസില് പരാതി നല്കി പ്രതിശ്രുത വധു. ഒഡീഷ എംഎൽഎ ബിജയ് ശങ്കർ ദാസിനെതിരെയാണ് പ്രതിശ്രുത വധുവായ സൊമാലിക ദാസ് പരാതി നല്‍കിയത്. ജഗത്സിംഗ്പൂരിലെ ടിർട്ടോളിൽ നിന്നുള്ള ബിജെഡി നിയമസഭാംഗമായ ബിജയ് ശങ്കർ ദാസും സൊമാലികയും ഏറെ നാളായി അടുപ്പത്തിലായിരുന്നു.
ജഗത്സിംഗ്പൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ജൂണ്‍ പതിനേഴാം തീയതി ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതിനായി രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷയും നല്‍കിയിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം സൊമാലികയും അടുത്ത ബന്ധുക്കളും പതിനേഴാം തീയതി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി മണിക്കൂറുകള്‍ കാത്തിരുന്നുവെങ്കിലും എംഎല്‍എ എത്തിയില്ല. ‘ഏകദേശം മൂന്ന് മണിക്കൂറോളം കാത്തിരുന്നെങ്കിലും ബിജയ് ശങ്കര്‍ എത്തിയില്ല, തുടര്‍ന്ന് ബന്ധുക്കളെയും കൂട്ടി താന്‍ വീട്ടിലേക്ക് മടങ്ങിയെന്ന് സൊമാലിക പറഞ്ഞു.
തൊട്ടടുത്ത ദിവസം തന്നെ ജഗത്സിംഗ്പൂർ പൊലീസ് സ്റ്റേഷനിൽ എംഎൽഎയ്ക്കും ബന്ധുക്കൾക്കുമെതിരെ സോമാലിക പരാതി നൽകി. ബിജയ് ശങ്കർ ദാസിന്റെ അമ്മാവനും മറ്റ് ബന്ധുക്കളും ചേർന്നാണ് വിവാഹം തടഞ്ഞെതെന്നാണ് യുവതിയുടെ പരാതി. ഏറെ നാളായി ബിജയും താനും ഇഷ്ടത്തിലായിരുന്നു, വിവാഹം കഴിക്കാമെന്ന് ഉറപ്പ് തന്നിരുന്നു. എന്നാല്‍ അയാള്‍ തനിക്ക് നല്കിയ വാക്ക് പാലിച്ചില്ലെന്നും ഇപ്പോള്‍ തന്റെ ഫോൺ കോളുകളോട് പ്രതികരിക്കുന്നില്ലെന്നും യുവതി പറയുന്നു. കഴിഞ്ഞ മെയ് 17ന് ഞങ്ങൾ സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹ രജിസ്ട്രേഷനായി അപേക്ഷിച്ചിരുന്നു. ജൂണ്‍ 17ന് വിവാഹം നടത്തുമെന്ന് അദ്ദേഹം എനിക്ക് വാക്ക് നൽകിയിരുന്നുസ എന്നാല്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് സൊമാലിക പറഞ്ഞു.
എംഎൽഎയുടെ ബന്ധുക്കൾ തന്നെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയാണെന്നും യുവതി ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ എംഎൽഎ നിഷേധിച്ചു. “നിയമമനുസരിച്ച്, വിവാഹ രജിസ്ട്രേഷന് അപേക്ഷിച്ച് 90 ദിവസം പൂർത്തിയാക്കിയാലെ വിവാഹം നടത്താനാവൂ. വിവാഹ രജിസ്ട്രേഷന് ഇനിയും 60 ദിവസങ്ങൾ ബാക്കിയുണ്ട്. ഇന്ന് വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്നാണ് ബിജയ് ശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.