KeralaNEWS

മുങ്ങിമരണങ്ങളുടെ പകല്‍: വര്‍ക്കലയില്‍ മരിച്ചത് മൂന്നുപേര്‍, പാലക്കാട്ട് വിദ്യാര്‍ഥിയ്ക്കായി തെരച്ചില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വര്‍ക്കലയില്‍ മാത്രം മുങ്ങി മരണത്തിലൂടെ നഷ്ടമായത് മൂന്നു ജീവന്‍. മൂന്നിടങ്ങളില്‍ മൂന്ന് യുവാക്കളാണ് മുങ്ങി മരിച്ചത്. വര്‍ക്കല കാപ്പില്‍ കടലില്‍ ഇറങ്ങിയ യുവാവും, പാപനാശിനിയില്‍ കുളിക്കാനിറങ്ങിയ യുവാവും, ഓടയം ബീച്ചിലിറങ്ങിയ യുവാവുമാണ് മരിച്ചത്.

വര്‍ക്കല കാപ്പില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവാണ് വൈകിട്ടോടെ മുങ്ങി മരിച്ചത്. ആലങ്കോട് വഞ്ചിയൂര്‍ സ്വദേശി മാഹിന്‍ (30) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ മാഹിന്‍ തിരയില്‍ പെടുകയായിരുന്നു. വൈകിട്ട് ആറര മണിയോടെയാണ് മാഹീന്‍ അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മാഹിന്‍ മുങ്ങിപ്പോവുകയായിരുന്നു. പിന്നീട് ഏഴരയോടെ മാഹിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത് വര്‍ക്കല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വര്‍ക്കല പാപനാശിനിയില്‍ കുളിക്കാനിറങ്ങിയ യുവാവും ഇന്ന് വൈകിട്ടോടെ മരിച്ചു. പാലച്ചിറ രഘുനാഥപുരം സ്വദേശി അജീഷ് (29) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവമുണ്ടായത്.

ഉച്ചയോടെ വര്‍ക്കല ഓടയം ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയും ഇന്ന് ചുഴിയില്‍പ്പെട്ട് മരിച്ചു. കോയമ്പത്തൂര്‍ പല്ലടം സ്വദേശി അജയ് വിഘ്നേഷാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരമാണ്. വിനോദസഞ്ചാരത്തിനായി സമീപത്തെ റിസോര്‍ട്ടില്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്.

ഇതിനിടെ, പാലക്കാട് ധോണി വെള്ളച്ചാട്ടത്തില്‍ വീണ് ഒരാളെ കാണാതായിരുന്നു. 18 വയസുള്ള അജിനെയാണ് കാണാതായത്. 9 പേരടങ്ങുന്ന സംഘമാണ് ധോണിയില്‍ വിനോദസഞ്ചാരത്തിനായി എത്തിയത്. ട്രക്കിങ്ങിനിടെ കാല്‍ വഴുതി അജിന്‍ താഴേക്ക് വീണതായും എത്ര വിളിച്ചിട്ടും കേള്‍ക്കുന്നില്ലെന്നും കൂട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് അജിന് വേണ്ടി സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Back to top button
error: