CultureLIFE

പ്രസംഗം ഒഴിവാക്കി ക്വിസ് മാസ്റ്ററായി മന്ത്രി; കുട്ടിക്കൂട്ടം സുല്ലിട്ടത് മൂന്ന് തവണ

കോട്ടയം: വിദ്യാര്‍ത്ഥികളിലെ വായന എത്രത്തോളമാണെന്ന് പരീക്ഷിക്കാന്‍ മന്ത്രി തുനിഞ്ഞപ്പോള്‍ നന്നായി മത്സരിച്ച് നോക്കിയെങ്കിലും മൂന്ന് തവണ മന്ത്രിക്ക് മുന്നില്‍ സു്ല്ലിട്ട് കുട്ടിക്കൂട്ടം. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേദിയിലാണ് വ്യത്യസ്തമായ ക്വിസ് മത്സരം നടന്നത്.

ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ സഹകരണ – രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ പ്രസംഗം ഒഴിവാക്കി ചോദ്യങ്ങളിലൂടെ വായനയുടെ പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യന്‍ എഴുത്തുകാരി ആര് എന്ന ആദ്യ ചോദ്യത്തിന് കുട്ടികള്‍ക്ക് ഉത്തരം നല്‍കാനായില്ല. എന്നാല്‍ ബുക്കര്‍ പ്രൈസ് നേടിയ ഏറ്റുമാനൂര്‍ നിയോജകമണ്ഡലംകാരി ആരെന്ന ചോദ്യത്തിന് അരുന്ധതി റോയ് എന്ന ഉത്തരം നല്‍കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി. സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും എന്ന വരികള്‍ ഈണത്തില്‍ ചൊല്ലി ഇതാരുടെ വരികള്‍ എന്നായി മന്ത്രി.

Signature-ad

കേരളത്തില്‍ ജ്ഞാനപീഠം അവാര്‍ഡ് നേടിയ മൂന്ന് ശങ്കരന്‍മാരാരെന്നും ഏറ്റവും അവസാനം ജ്ഞാനപീഠം നേടിയതാരെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ കുട്ടികളുടെ മറുപടി. ഒരു മണിക്കുറോളം കുട്ടികളുമായി സംവദിച്ച് ഏഴ് കവിതാശകലങ്ങള്‍ ചൊല്ലിയും ഉത്തരം മുട്ടിച്ച ഒരു കടങ്കഥ ചോദ്യവുമടക്കം 15 ചോദ്യങ്ങള്‍ ചോദിച്ചാണ് മന്ത്രി മടങ്ങിയത്. വിജയികള്‍ക്ക് ഫലകവും പുസ്തകവും സ്മ്മാനമായി നല്‍കി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് സംഘടിപ്പിക്കുന്ന വായനമരം തത്സമയ ക്വിസ് മത്സര പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ആധ്യക്ഷ്യം വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ വായനദിന സന്ദേശം നല്‍കി. ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Back to top button
error: