NEWS

ഇംഗ്ലീഷിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരം ഏതാണ്?

ന്തുകൊണ്ടാണ് ഇംഗ്ലീഷ് ഭാഷയിലെ വാക്കുകളിൽ ഇത്രയധികം നിശബ്ദ അക്ഷരങ്ങൾ (Silent Letters ) ഉപയോഗിക്കുന്നത്?
Silent Letters  അഥവാ നിശബ്ദ അക്ഷരങ്ങൾ ഉപയോഗിച്ച് ഭാഷയെ സങ്കീർണമാക്കുന്നതിൽ ഖ്യാതി നേടിയിട്ടുള്ള  ഭാഷയാണ് ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷ എഴുതുന്നത് റോമൻ ലിപിയിലാണ്. എഴുതുന്ന വാക്കും ഉച്ചാരണവും തമ്മിൽ സാദൃശ്യം മിക്കപ്പോഴും ഇല്ലാത്തത് കൊണ്ട് തന്നെ ഇംഗ്ലീഷ് ലിപിയെ Unphonetic എന്ന് പറയാം.
26 അക്ഷരങ്ങളാണ് ഇംഗ്ലീഷ് അക്ഷരമാലയിൽ ഉള്ളത് എന്നാൽ ഇംഗ്ലീഷിൽ 44 വ്യത്യസ്ത സ്വനിമങ്ങൾ (Phoneme) ( ഒരു ഭാഷയിലെ അർത്ഥഭേദമുണ്ടാക്കാൻ കഴിവുള്ള ഏറ്റവും ചെറിയ ഘടനാപരമായ ഏകകമാണ് സ്വനിമം ) ഉണ്ട് . ഇവയിൽ 20 വ്യതിരിക്തമായ സ്വരാശബ്ദങ്ങളും ഉൾപ്പെടുന്നു .ചുരുക്കത്തിൽ ഇംഗ്ലീഷ് അക്ഷരമാല ഇംഗ്ലീഷ് എഴുതാൻ ഒട്ടും പര്യാപ്തമല്ല. പല വിഭിന്നമായ സ്വനിമങ്ങളെ സൂചിപ്പിക്കാൻ ഇംഗ്ലീഷിൽ രണ്ട് അക്ഷരങ്ങളെ ചേർത്തെഴുത്തുന്നു. ഉദാ: Ch , Th , Sh…. ഇവയെ Diagraphs എന്ന് വിളിക്കുന്നു.
ഇംഗ്ലീഷിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന അക്ഷരം ‘E’ ആണ് . ഇതിന് ഏറ്റവും വലിയ കാരണം തന്നെ മിക്ക വാക്കുകൾക്ക് ഒടുവിലെ Silent ആയ ഒരു ‘E’ വരുന്നതാണ്. ഉദാ: Pale , Tale , Scale, Male …….
 ഇംഗ്ലീഷിൽ ഇത്രയധികം Silent Letters വരാൻ പല കാരണങ്ങൾ ഉണ്ട്.
⚡ ഒരു പ്രധാന കാരണം കാലഹരണപ്പെട്ട Spelling ഒരു പരിഷ്കരണവുമില്ലാതെ കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്നതാണ്. ഭാഷകൾ കാലത്തിനൊപ്പം പരിണമിക്കുന്നു . ഉച്ചാരണം , വ്യാകരണം , പദപ്രയോഗങ്ങൾ ഒക്കെ മാറ്റങ്ങൾക്ക് വിധേയമാണ് . എന്നാൽ ഇംഗ്ലീഷിലെ പല പദങ്ങളുടെയും Spelling കാലാനുസരണം അവകളുടെ ഉച്ചാരണം മാറിയിട്ടും മാറിയില്ല. എഴുത്തിൽ ഇപ്പോഴും പഴയ Spelling തന്നെ ഉപയോഗിച്ചു പോരുന്നു.
ഉദാ: Knife , Knight , Knock , Know
ഇംഗ്ലീഷിന്റെ മധ്യകാലഘട്ടം ഏകദേശം [CE 1100 മുതൽ CE 1500] വരെയും മേലെ സൂചിപ്പിച്ചിട്ടുള്ള വാക്കുകൾ എഴുത്തിലുള്ള അതേപടിയാണ് ഉച്ചരിച്ചിരുന്നത്. ആ വാക്കുകളുടെ Spelling ഭാഷയിൽ അതേപടി സ്ഥാനം പിടിച്ചിരുന്നതിനാൽ ഉച്ചാരണം മാറിയിട്ടും അവ നിലനിന്നുപോന്നു.
പതിനാലാം നൂറ്റാണ്ടിൽ ഇംഗ്ലീഷിലെ Hw- എന്ന സംയുക്താക്ഷരം Wh- എന്ന് എഴുത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. Hw പിന്നീട് ഉച്ചാരണത്തിൽ ചിലയിടങ്ങളിൽ h ഉം മറ്റ് ചിലയിടത്ത് w ഉം മാത്രമായി. അങ്ങനെയാണ് Who, Where , How എന്നിങ്ങനെയുള്ള വാക്കുകളിൽ Silent Letters വന്നത്.
⚡ ഇംഗ്ലീഷ് ഇൻഡോ- യൂറോപ്യൻ ഭാഷാഗോത്രത്തിൽ ഉൾപ്പെടുന്ന ജർമാനിക് ഭാഷകളിൽ ഒന്നാണ്. ഇംഗ്ലീഷ് പദസഞ്ചയത്തിലെ പകുതി വാക്കുകളും ജർമാനിക് മൂലമുള്ളവയാണെങ്കിൽ മറ്റ് പകുതി ലാറ്റിൻ , ഫ്രഞ്ച് , ഗ്രീക്ക് മുതലായ ഭാഷകളിൽ നിന്ന് ഉരുത്തിരിഞ്ഞിട്ടുള്ളവയാണ്. ഈ കടം കൊണ്ട പദങ്ങൾ അതാത്‌ ഭാഷയിലെ Spelling ഇൽ തന്നെ ഇംഗ്ലീഷിൽ എഴുതിവരുന്നു.
ഉദാ : Pterodactyl , Psychology
മേൽ കാണിച്ചിട്ടുള്ള പദങ്ങൾ ഗ്രീക്കിൽ നിന്നുള്ളവയാണ്. ഇംഗ്ലീഷിലെ മുറ പ്രകാരം Pt- , Ps- മുതലായ സംയുക്താക്ഷരങ്ങളാൽ പദങ്ങൾ ആരംഭിക്കില്ല , അതിനാൽ തന്നെ P ഉച്ചരിക്കപ്പെടുന്നില്ല.
ഡച്ചിൽ നിന്ന് സ്വീകരിച്ച പദങ്ങൾ ആയ Yacht, Gnaw മുതലായവ ഡച്ച് ഭാഷയിൽ അതേപടി ഉച്ചരിക്കുമ്പോൾ ഇംഗ്ലീഷിൽ ch-, G- silent ആണ്.
⚡ചില പദങ്ങളിൽ മനപ്പൂർവ്വം Silent Letters കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. ഉദാ : Iland/Island , Det/Debt , Dout/Doubt. ഈ വാക്കുകളുടെ ഉല്പത്തി പ്രതിഫലിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. Doubt , Debt എന്നീ വാക്കുകൾ ലാറ്റിനിലെ Dubitare , Debitum എന്നീ വാക്കുകളിൽ നിന്നാണ് വന്നതെന്ന് കാട്ടാനാണ് Silent b ചേർത്തത്. Iland , ദ്വീപ് എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ Insula യിൽ നിന്ന് വന്നതെന്ന് കരുതി അതിലേയ്ക്ക് s ചേർത്തു. എന്നാൽ Iland Insula എന്ന പദത്തിൽ നിന്ന് വന്നതായിരുന്നില്ല.
ഇത്തരത്തിൽ പല വാക്കുകളിൽ Silent letters ചേർക്കപ്പെട്ടു.
Old English ഇൽ Silent Letters കാണപ്പെട്ടിരുന്നില്ല. എഴുതുന്ന മുറയ്ക്ക് തന്നെയാണ് വാക്കുകൾ ഉച്ചരിച്ചിരുന്നത്. പതിനാലാം നൂറ്റാണ്ട് മുതൽ ഇംഗ്ലീഷ് വ്യാപകമായി അന്യഭാഷകളിൽ നിന്ന് പദങ്ങൾ സ്വീകരിക്കാൻ തുടങ്ങിയപ്പോഴാണ് ഭാഷയിൽ Silent Letters വ്യാപകമായത്. ഇന്ന് അറുപത് ശതമാനം ഇംഗ്ലീഷ് വാക്കുകളിലും Silent Letters ഉണ്ട്. ഭാഷ പഠിക്കുന്നവർക്ക് Silent Letters ഒരു ബുദ്ധിമുട്ടാണെങ്കിലും ഇന്ന് അവയ്ക്ക് ഇംഗ്ലീഷിൽ ചില ഉപയോഗങ്ങൾ ഉണ്ട്.
ഉദാ : ഒരേ ഉച്ചാരണവും വ്യത്യസ്ത അർത്ഥവും ഉള്ള പദങ്ങളെ [Homophones] നെ Silent Letters വേർതിരിക്കാൻ സഹായിക്കുന്നു.
In [ഉള്ളിൽ/അകത്ത്] vs Inn [സത്രം]
ചില വാക്കുകളിൽ Silent Letters ചേർക്കുമ്പോൾ അത് അതേ വാക്കിലെ മറ്റ് സ്വനിമങ്ങളുടെ ഉച്ചാരണത്തെ ബാധിക്കുകയും അത് വഴി അർത്ഥം മാറ്റപ്പെടുകയും ചെയ്യുന്നു.
ഉദാ: Rid vs Ride
Rid ഇന് ഒഴിവാക്കുക , മുക്തമാക്കുക എന്നീ അർത്ഥങ്ങൾ ആണുള്ളതെങ്കിൽ അതിന്റെ അറ്റത്ത് ഒരു Silent E ചേർക്കുമ്പോൾ ‘i’ യുടെ ഉച്ചാരണം മാറുകയും വാക്കിന്റെ അർത്ഥം യാത്ര ചെയ്യുക , വാഹനം , കുതിര മുതലായവകളിൽ സഞ്ചരിക്കുക എന്നാകുന്നു.

Back to top button
error: