KeralaNEWS

കൊച്ചി മെട്രോയുടെ ‘അഞ്ചുരൂപ ടിക്കറ്റ്’ സൂപ്പര്‍ ഹിറ്റ്; എട്ടു മണിവരെ ഒരു ലക്ഷം കടന്ന് യാത്രക്കാര്‍

കൊച്ചി: അഞ്ചാം വാർഷിക ദിനം കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോ‍ർഡ് വർദ്ധന. പ്രത്യേക പരിപാടിയായി അവതരിപ്പിച്ച അഞ്ച് രൂപ ടിക്കറ്റ് നിരക്കാണ് ഇന്ന് കൊച്ചി മെട്രോയിലേക്ക് യാത്രക്കാരെ ആകർഷിച്ചത്. രാത്രി എട്ട് മണിവരെ 101152 പേരാണ് മെട്രോയിൽ യാത്രചെയ്തത്. റെക്കോർഡ് യാത്രാനിരക്കാണിത്. വലിയ നഷ്ടം സഹിച്ചിരുന്ന മെട്രോയ്ക്ക് പുതിയ ഊർജം നൽകുന്നതാണ് ഇന്നത്തെ കണക്ക്.

നേരത്തെ മെട്രോയിൽ പ്രതിദിനം കയറിയ യാത്രക്കാരിൽ ഏറ്റവും കൂടുതൽ ഏദേശം 70000 ആയിരുന്നു. കൊവിഡ് സമയത്ത് ഗണ്യമായി കുറഞ്ഞ് 20000- 30000 യാത്രക്കാർ വരെയായി ചുരുങ്ങിയിരുന്നു. പ്രത്യേക ഓഫർ ദിനത്തിലാണെങ്കിലും യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവ് മെട്രോയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്

കൊച്ചി മെട്രോ ട്രാക്കിലായി അഞ്ചാം വർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ച് രൂപ യാത്ര എന്ന മെട്രോ പ്രഖ്യാപനമാണ് ഫലം കണ്ടത്. ദൈനംദിന യാത്രക്കാരുടെ ശരാശരി മെട്രോ ദിനത്തിൽ വൈകിട്ട് അഞ്ച് മണിക്ക് തന്നെ കൊച്ചി മെട്രോ മറികടന്നു. ഏത് സ്റ്റേഷനിലേക്കും ദൂരപരിധി കണക്കാക്കാതെ അഞ്ച് രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. മെട്രോ ദിനത്തിൽ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ ഓപ്പറേഷൻ കണ്‍ട്രോൾ സെന്‍ററിൽ പതാക ഉയർത്തി.

ഭിന്നശേഷിക്കാരായ മുന്നൂറ് കുട്ടികൾക്കും അഞ്ചാം വാർഷികത്തിൽ സൗജന്യ യാത്ര ഒരുക്കി. പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രതിദിന യാത്രക്കാരുടെ എണ്ണം ഉടൻ ഒരു ലക്ഷത്തിലെത്തിക്കുകയാണ് മെട്രോ ലക്ഷ്യം. കൂടുതൽ പാത വരുന്നതോടെ അത് 2.5 ലക്ഷമാക്കി ഉയർത്തുക, അങ്ങനെ നഷ്ടവും കുറയ്ക്കുക എന്നും ലക്ഷ്യമിടുന്നു.

ഇൻഫോപാർക്ക് പാതയ്ക്ക് വേണ്ട അന്തിമ അനുമതി ഉടൻ കേന്ദ്രസർക്കാർ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുടർന്ന് അങ്കമാലി വരെയും, വിമാനത്താവളത്തിലേക്കും മെട്രോ എത്തിക്കണം. തൃപ്പൂണിത്തുറയിൽ നിന്ന് കാക്കനാട്ടേക്ക് മറ്റൊരു പാതയും പരിഗണനയിലുണ്ട്. മെട്രോ സ്റ്റേഷനിൽ വാണിജ്യ ആവശ്യത്തിനുള്ള കിയോസ്കുകളുടെ ലേലം നടപടികൾ നേട്ടമുണ്ടായില്ലെങ്കിലും, വരും നാളുകളിൽ പച്ചപ്പിടിക്കുമെന്ന് കണക്ക് കൂട്ടൽ. ലാഭമില്ലെങ്കിലും നഷ്ടത്തിന്‍റെ ആഴം കുറച്ച് ജനകീയ പൊതുഗതാഗത സംവിധാനമായി നിലനിൽക്കുകയെന്നതാണ് കൊച്ചി മെട്രോയുടെ വെല്ലുവിളി.

Back to top button
error: