NEWSWorld

ഇന്ത്യന്‍ ഗോതമ്പ് രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യുന്നത് വിലക്കി യു.എ.ഇ

അബുദാബി: ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പും ഗോതമ്പ് പൊടിയും വീണ്ടും കയറ്റുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎഇ ധനകാര്യ മന്ത്രാലയം. നാല് മാസത്തേക്കാണ് വിലക്ക്. ഫ്രീ സോണുകളില്‍ ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗോതമ്പ് പ്രത്യേക അനുമതി വാങ്ങി കയറ്റുമതി ചെയ്യാം. ഗോതമ്പ് മാവ് ഉള്‍പ്പടെയുള്ള എല്ലാ തരം ഗോതമ്പുത്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാകും.

മെയ് 13-ന് മുമ്പ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഇന്ത്യന്‍ ഗോതമ്പ്, ഗോതമ്പ് മാവ് ഇനങ്ങള്‍ കയറ്റുമതി/പുനര്‍ കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍, കയറ്റുമതി ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിന് മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഗോതമ്പ് ലഭ്യതയില്‍ കുറവുണ്ടാവാന്‍ കാരണമായ രാജ്യാന്തര സാഹചര്യങ്ങള്‍ പരിഗണിച്ചും ഇന്ത്യയുമായി യുഎഇക്ക് ഉള്ള ശക്തവും തന്ത്രപ്രധാനവുമായി വാണിജ്യ ബന്ധത്തെ വിലമതിച്ചുകൊണ്ടുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ നേരത്തെ പ്രഖ്യാപിച്ച ഗോതമ്പ് കയറ്റുമതി വിലക്കില്‍ ഇളവ് അനുവദിച്ചുകൊണ്ട്, യുഎഇയുടെ ആഭ്യന്തര ഉപയോഗത്തിനായി ഇന്ത്യയില്‍ നിന്ന് ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ അനുമതിയും കൂടി പരിഗണിച്ചാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്നും അറിയിച്ചിട്ടുണ്ട്.

മേയ് 13ന് മുമ്പ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഇറക്കുമതി ചെയ്ത ഗോതമ്പോ ഗോതമ്പ് ഉത്പന്നങ്ങളോ രാജ്യത്തുനിന്ന് പുറത്തേക്ക് കയറ്റുമതി ചെയ്ണമെങ്കില്‍ അതത് സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നല്‍കി അനുമതി വാങ്ങേണ്ടതുണ്ടെന്നും അറിയിച്ചു. ഇത്തരം ഉത്പന്നങ്ങള്‍ കൊണ്ടുവന്ന തീയ്യതികള്‍ ഉള്‍പ്പെടെ തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.

അതേസമയം ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്നതല്ലാത്ത ഗോതമ്പോ ഗോതമ്പ് ഉത്പന്നങ്ങളോ കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തില്‍ പ്രത്യേക അപേക്ഷ നല്‍കി കയറ്റുമതിക്കുള്ള അനുമതി വാങ്ങാം. ഇത്തരത്തില്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന കയറ്റുമതി പെര്‍മിറ്റിന് 30 ദിവസത്തെ മാത്രം കാലാവധിയേ ഉണ്ടാകൂ എന്നും അറിയിച്ചിട്ടുണ്ട്. ഇ-മെയിലിലൂടെയോ അല്ലെങ്കില്‍ വാണിജ്യ മന്ത്രാലയം ആസ്ഥാനത്ത് എത്തി നേരിട്ടോ അപേക്ഷ നല്‍കാം.

Back to top button
error: