കൊച്ചി: പോലീസിനെതിരേ രൂക്ഷവിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. താന്‍ എവിടെപ്പോയി, ആര് വന്നു, എന്തിന് വന്നു തുടങ്ങിയ കാര്യങ്ങള്‍ നോക്കി പോലീസ് തന്റെ പിറകെ നടക്കുകയാണ്.
പോലീസിലെ ഒരു എഡിജിപി നാലും അഞ്ചും മണിക്കൂര്‍ ഒരു തട്ടിപ്പുകാരനുമായി ചിലവഴിക്കുന്നു. ശേഷം അയാളെ ദൂതനായി എന്റെ ഓഫീസിലേക്ക് അയക്കുന്നു. അയാള്‍ വിജിലന്‍സ് എഡിജിപിയെ 36 തവണയാണ് വിളിച്ചത്. അങ്ങനെയൊരു കേരള പോലീസ് തന്നെ സംരക്ഷിക്കുമോ എന്നും സ്വപ്ന. തന്നോടൊപ്പമുള്ളത് അംഗരക്ഷകരല്ലെന്നും സഹായികളാണെന്നും സ്വപ്ന പറഞ്ഞു.
‘ഇത് ഗാര്‍ഡ്സ് അല്ല, ഇവര്‍ പേഴ്സണല്‍ അസിസ്റ്റന്റ്സാണ്, ഫിറ്റ്സ് വന്ന് വീഴുമ്പോള്‍ പിടിക്കാന്‍ ആരെങ്കിലും വേണ്ടേ’ എന്നും സ്വപ്ന പറഞ്ഞു. പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സ്വപ്‌ന കോടതിയില്‍ ഹര്‍ജിയും നല്‍കി.
സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി തിങ്കളാഴ്ച ഇ.ഡി.ക്ക് കൈമാറിയിട്ടുണ്ട്. ഇ.ഡി. ഉദ്യോഗസ്ഥര്‍ ഇത് വിശദമായി പരിശോധിച്ചുവരികയാണ്. അതിനിടെ, സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. ക്രൈംബ്രാഞ്ച് മേധാവിയുടെ അധ്യക്ഷതയില്‍ പോലീസ് ആസ്ഥാനത്താണ് യോഗം. അന്വേഷണസംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.