CrimeNEWS

ഹരിദാസന്‍ വധക്കേസ് പ്രതിയെ അന്വേഷിച്ച് മടങ്ങിയ പോലീസ് ജീപ്പിന് നേരേ ബോംബേറ്

തലശേരി: സി.പി.എം. പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലിലെ കെ. ഹരിദാസനെ വധിച്ച കേസിലെ പ്രതിയെ അന്വേഷിച്ചു മടങ്ങുന്ന ന്യൂമാഹി പോലീസ് ജീപ്പിന് ബോംബേറ്. ആര്‍ക്കും പരുക്കില്ല. കേസില്‍ പിടികിട്ടാനുള്ള ചാലക്കര വരപ്രത്ത് കാവിനടുത്ത മീത്തലെ കേളോത്ത് വീട്ടില്‍ ദീപക് എന്ന ഡ്രാഗണ്‍ ദീപുവിന്റെ (30) വീട്ടില്‍ പരിശോധന നടത്തി മടങ്ങുകയായിരുന്നു പോലീസിനുനേരേ ബുധനാഴ്ച അര്‍ധരാത്രി 11.30നാണ് ബോംബെറിഞ്ഞത്.

മാഹി പള്ളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചാലക്കര െമെദ കമ്പനിക്കു സമീപമെത്തിയപ്പോള്‍ ജീപ്പിന് പിന്നിലാണ് ബോംബെറിഞ്ഞത്. ന്യൂമാഹി എസ്.ഐ: ടി.എം വിപിനും സംഘവുമാണ് ജീപ്പിലുണ്ടായത്. സ്ഫോടനത്തിന് ശേഷം സ്ഥലത്ത് പൊലീസ് പരിശോധന നടത്തി.

Signature-ad

ഹരിദാസനെ കാലിന് വെട്ടിവീഴ്ത്തി കൊലപാതകത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് പിടികിട്ടാനുള്ള മൂന്നും നാലും പ്രതികള്‍. കേസിലെ മൂന്നാംപ്രതിയാണ് ദീപക്. തൃശൂര്‍ ജില്ലയില്‍ നിന്ന് 98 ലക്ഷം രൂപ തട്ടിപ്പറിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായി ദീപക്കിനെനേരത്തെ പൊലീസ് പ്രഖ്യാപിച്ചിരുന്നു.

നാലാംപ്രതി ന്യൂമാഹി ഈയ്യത്തുങ്കാട് പുത്തന്‍പുരയില്‍ പുണര്‍തത്തില്‍ നിഖില്‍ എന്‍ നമ്പ്യാറും (27) ഒളിവിലാണ്. നിഖില്‍ കൊടുവാളും ദീപക് നീളമുള്ള കത്തികൊണ്ടും കാലിന് വെട്ടിയതായി അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.

മത്സ്യതൊഴിലാളിയായ ഹരിദാസനെ ഫെബ്രുവരി 21ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കൊലപ്പെടുത്തിയത്. തലശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മേയ് 20ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് ഒന്നാംപ്രതിയായ കേസില്‍ ഒരു സ്ത്രീയടക്കം 17 പ്രതികളുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തു. ഒരാളൊഴികെ മറ്റു പ്രതികളെല്ലാം റിമാന്‍ഡിലാണ്.

Back to top button
error: