CrimeNEWS

വീട്ടില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ പാക്ക് മുന്‍ എംപിയും ടിവി അവതാരകനുമായ ആമിര്‍ ലിയാഖത്ത് മരിച്ചു

കറാച്ചി: പാക്കിസ്ഥാനിലെ മുന്‍ എംപിയും പ്രശസ്ത ടെലിവിഷന്‍ അവതാരകനുമായ ആമിര്‍ ലിയാഖത്ത് (49) ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) നേതാവായ ആമിറിനെ കറാച്ചി ഖുദാദദ് കോളനിയിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബുധന്‍ രാത്രി ആമിറിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ആശുപത്രിയില്‍ പോകാന്‍ അദ്ദേഹം വിസമ്മതിച്ചുവെന്ന് പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ ആമിറിന്റെ മുറിയില്‍നിന്ന് നിലവിളി കേട്ടതായി ഡ്രൈവര്‍ ജാവേദ് പറഞ്ഞു.

Signature-ad

മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. മറുവശത്തുനിന്നു പ്രതികരണമൊന്നും ലഭിക്കാതായപ്പോള്‍, വീട്ടുജോലിക്കാര്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആമിര്‍ മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആമീര്‍ ലിയാഖത്തിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഖുദാദദ് കോളനിയിലുള്ള ആമിറിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി.

അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. മരണം സംബന്ധിച്ച് ദുരൂഹതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. ആമിറിനെ അബോധാവസ്ഥയില്‍ ആദ്യം കണ്ട ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തും.

Back to top button
error: