ന്യൂയോര്‍ക്ക്: ചികിത്സയിലൂടെ ഭേദമായ പാന്‍ക്രിയാസ് ക്യാന്‍സര്‍ മടങ്ങിയെത്താതിരിക്കാന്‍ വാക്‌സിനുമായി ഇന്ത്യന്‍ ഗവേഷകനായ ഡോ. വിനോദ് ബാലചന്ദ്രന്‍. കോവിഡിനുള്ള എം.ആര്‍.എന്‍.എ. വാക്‌സിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണു അദ്ദേഹവും സംഘവും പുതിയ വാക്‌സിന്‍ തയാറാക്കിയത്.
പാന്‍ക്രിയാസ് ക്യാന്‍സര്‍ ഭേദമായ നാലിലൊന്നു രോഗികളില്‍ പിന്നീട് ആ രോഗം മടങ്ങിയെത്തുന്നതായാണു കണക്കുകള്‍. ശരീരത്തിലെ പ്രതിരോധ സംവിധാനം ട്യൂമര്‍ കോശങ്ങളെ ഭീഷണിയായി കാണാത്തതാണു പ്രശ്‌നം.
ഇതു പരിഹരിക്കാനാണു വാക്‌സിന്‍ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത്. ട്യൂമറുകളില്‍ പാതൊജനെ നശിപ്പിക്കുന്ന സെല്ലുകളുടെ സാന്നിധ്യം ന്യൂയോര്‍ക്ക് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററിലെ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. പാന്‍ക്രിയാസ് ക്യാന്‍സറിനു ശസ്ത്രക്രിയയ്ക്കു വിധേയരായ 16 പേരിലായിരുന്നു പരീക്ഷണം. ട്യൂമറിലെ ജനിതക കോഡുകള്‍ ചേര്‍ത്തായിരുന്നു വാക്‌സിന്‍ തയാറാക്കിയത്.
വാക്‌സിന്‍ സ്വീകരിച്ചവരുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിഞ്ഞു. എട്ട് പേരുടെ ശരീരം ക്യാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അവയെ നശിപ്പിച്ചു. 18 മാസത്തിനുശേഷവും ഇവര്‍ക്കു പാന്‍ക്രിയാസ് ക്യാന്‍സര്‍ ഉണ്ടായില്ല.
ബയോഎന്‍ടെകാണു കോവിഡ് വാക്‌സിനുകളുടെ മാതൃകയില്‍ പാന്‍ക്രിയാസ് ക്യാന്‍സര്‍ രോഗികള്‍ക്കായി വാക്‌സിന്‍ തയാറാക്കിയത്. ബ്രിട്ടനിലെ കണക്കനുസരിച്ചു പാന്‍ക്രിയാസ് ക്യാന്‍സര്‍ ബാധിതരില്‍ 95 ശതമാനം പേരാണു മരണത്തിനു കീഴടങ്ങുന്നത്.