കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം സ്വർണ പണിക്കാരനെയും കുടുംബത്തെയും ബന്ധിയാക്കി സ്വർണവും പണവും കവർന്നു. ആലുവ ബാങ്ക് കവലയിൽ താമസിക്കുന്ന സഞ്ജയിയുടെ വീട്ടിൽ നിന്നും 37.5 പവൻ സ്വർണവും 1,80,000 രൂപയുമാണ് നാലംഗ സംഘം തട്ടിയെടുത്തത്. വീട്ടിലെ സിസിടിവി ഹാർഡ് ഡിസ്ക് അടക്കം എടുത്തുകൊണ്ട് പോയ സംഘത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ആലുവ ബാങ്ക് കവലയ്ക്ക് സമീപം താമസിക്കുന്ന സ്വർണ പണിക്കാരനായ സഞ്ജയിന്‍റെ വീട്ടിലായിരുന്നു സിനിമാ സ്റ്റൈൽ കവർച്ച. ഉച്ചയോടെ ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി നാലംഗ സംഘം വീട്ടിലെത്തി. ചോദിച്ചപ്പോൾ മൊബൈൽ ഫോണിൽ തിരിച്ചറിൽ കാർഡ് കാണിച്ചു. തുടർന്ന് ഫോണെല്ലാം വാങ്ങിവച്ച് വീട്ടുകാരെ സ്വീകരണമുറിയിലിരുത്തി സംഘം വീട്ടിൽ പരിശോധന തുടങ്ങി. 37.5 പവൻ സ്വർണം, 1,80,000 രൂപ, നാല് ബാങ്ക് പാസ്ബുക്കുകൾ, ആധാൻ, പാൻ തുടങ്ങിയ രേഖകൾ വീട്ടിൽ നിന്ന് കണ്ടെത്തി. തുടർ പരിശോധനയ്ക്കായി ഇവയെല്ലാം ഓഫീസിലേക്ക് കൊണ്ടുപോവുകയാണെന്ന് കാണിച്ച് വെള്ള പേപ്പറിൽ എഴുതി നൽകി, സഞ്ജയിനെ കൊണ്ട് ഒപ്പും വച്ചിച്ചു. പോകും വഴി വീട്ടിലെ സിസിടിവി ഡിവിആറും സംഘം കൈക്കലാക്കി. നാലംഗ സംഘം പോയതിന് ശേഷം ഇവർ നൽകിയ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ തൃശൂർ അയ്യന്തോൾ സ്വദേശിയാണ് ഫോണെടുത്തത്. തട്ടിപ്പ് മനസ്സിലായ ഉടൻ സഞ്ജയ് പൊലീസിൽ വിവരം അറിയിച്ചു.
തട്ടിപ്പ് സംഘം മലയാളത്തിലാണ് സംസാരിച്ചത്. അനധികൃത വ്യാപാരം കണ്ടെത്താനുള്ള പരിശോധനയെന്നായിരുന്നു സംഘം വീട്ടുകാരെ വിശസ്വിപ്പിച്ചത്. സിസിറ്റിവി ദൃശ്യങ്ങൾ കിട്ടാതിരിക്കാൻ ഹാർഡ് ഡിസ്ക്കും തട്ടിപ്പ് സംഘം കൊണ്ടുപോയി. പരാതിയിൽ കേസെടുത്ത ആലുവ പൊലീസ് സമീപത്തെ ഹോട്ടലിൽ നിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.