ഒടുവിൽ വിജയ് ബാബുവിനു മുന്നിൽ കേരള പൊലീസ് സുല്ലിട്ടു. ഏപ്രിൽ 22നാണ് വിജയ്ബാബുവിനെതിരെ നടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തത്. അപ്പോൾ തന്നെ പ്രതിയെ പിടിക്കാൻ കൊട്ടും കുഴലുമായി കമ്മിഷണർ സി.എച്ച്. നാഗരാജുവും കൂട്ടരും ചാടിപ്പുറപ്പെട്ടു. പക്ഷേ ഈ ദിവസങ്ങളിലൊക്കെ കൊച്ചിയിൽ പൊലീസിൻ്റെ മൂക്കിനു ചുവട്ടിൽ തന്നെ ഉണ്ടായിരുന്നു ഇയാൾ. ഒടുവിൽ അറസ്റ്റിലാകും എന്നു വന്നതോടെ രക്ഷപെടാനുള്ള പഴുതൊരുക്കി കൊടുത്തതും മേൽപ്പടി ഏമാന്മാർ തന്നെ.
പിന്നീട് ഫെയ്സ് ബുക്ക് ലൈവിൽ വന്ന് മീശ പിരിച്ച് നടിയേയും നമ്മുടെ നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച പ്രതി പരാതിക്കാരിയെ സ്വാധീനിക്കാനും സാക്ഷികളെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടന്‍ വിജയ് ബാബുവിന്റെ ലൈവില്‍ കണ്ടത്.
ഒന്നര മാസം നീണ്ട അന്വേഷണം നടത്തിയിട്ടും വിജയ്ബാബുവിനെ പിടികൂടാൻ മാത്രം കഴിഞ്ഞില്ല.
ഒടുവിൽ വിജയ് ബാബു തന്നെ തീരുമാനിച്ചതു പ്രകാരം ദുബായിൽ നിന്നും ഇന്ന് നാട്ടിൽ തിരിച്ചെത്തി. നടിയുടെ പരാതിക്കു പിന്നാലെയാണ് വിജയ് ബാബു വിദേശത്തേക്കു കടന്നത്. ഇന്ന് രാവിലെ ഒൻപതരയോടെ കൊച്ചി വിമാനത്തവാളത്തിലാണ് ഇയാൾ എത്തിയത്. വിജയ് ബാബുവിനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു.
വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിവരാൻ പ്രതി കോടതിയുടെ മുന്നിലേക്ക് നിർദേശങ്ങൾ വരെ വച്ചു. എന്തായാലും വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി രണ്ടു ദിവസത്തേക്കു തടഞ്ഞു. വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദ്ദേശം. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് നടപടി.
അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. അതേസമയം, വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് തടസ്സമില്ല. വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാൻ മാറ്റി.
ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് ഒന്നര മാസത്തിന് ശേഷം ഇയാൾ തിരിച്ചെത്തുന്നത്. തുടർന്ന് സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും.