KeralaNEWS

പാലിയേക്കര ടോൾ കമ്പനിയെ മുട്ടുകുത്തിച്ച് ഒല്ലൂർ സ്വദേശി ജോസഫിൻ്റെ നിയമപോരാട്ടം

   വാഹനമില്ലാത്തവരെ പോലും യാത്ര ചെയ്തുവെന്ന് കാണിച്ച് ടോൾ കൊള്ള നടത്തുന്ന പാലിയേക്കര ടോൾ കരാർ കമ്പനിയെ മുട്ടുകുത്തിച്ച ഒല്ലൂർ സ്വദേശിയുടെ നിയമപോരാട്ടത്തിന് വിജയം. റസിഡെൻഷ്യൽ സർട്ടിഫിക്കറ്റിന്റെ പേരിൽ സൗജന്യ പാസ് നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ഒല്ലൂർ പന്തൽ റോഡിലെ കാരക്കട ജോസഫ് നൽകിയ ഹർജിയിലാണ് ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കീഴടങ്ങിയത്.

സൗജന്യ പാസ് നിഷേധം ചോദ്യം ചെയ്ത് ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെയും നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഇംപ്ലിമേഷൻ യൂണിറ്റിനെതിരെയും തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും ജില്ലാ കലക്ടർക്കെതിരെയുമാണ് തൃശൂർ ജില്ലാ ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ടോൾ പ്ലാസയുടെ പത്ത് കിലോമീറ്റർ ദൂരപരിധിയിൽ താമസിച്ചിരുന്നതിനാൽ ജോസഫിന് സൗജന്യ യാത്രാ പാസ് ലഭിച്ചിരുന്നു. ഇത് കാലാകാലങ്ങളിൽ പുതുക്കേണ്ടതാണ്. പുതുക്കുവാൻ സമീപിച്ചപ്പോൾ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടാണ് ടോൾ പ്ലാസ അധികൃതർ സ്വീകരിച്ചത്. കോർപറേഷൻ അധികൃതരാകട്ടെ ടോൾ പ്ലാസയിലെ സൗജന്യ പാസ് പുതുക്കലിന് റസിഡെൻഷ്യൽ സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും സർക്കാർ ഉത്തരവ് പ്രകാരം ടോൾ പ്ലാസ അധികൃതർക്ക് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുവാൻ അധികാരമില്ലെന്നും അറിയിക്കുകയായിരുന്നു. ഉത്തരവ് നിർദേശം ടോൾ പ്ലാസ അധികൃതരെ അറിയിച്ചുവെങ്കിലും സൗജന്യ പാസ് പുതുക്കി നൽകുവാൻ നടപടിയുണ്ടായില്ല. തുടർന്നാണ് തൃശൂർ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

Signature-ad

ഹർജി പരിഗണിക്കുന്നതിന് മുമ്പ് തന്നെ ടോൾ കമ്പനി അധികൃതർ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാതെ തന്നെ സൗജന്യ പാസ് പുതുക്കി നൽകാമെന്ന് കോടതി മുമ്പാകെ സത്യവാങ്മൂലം നൽകുകയായിരുന്നു. തുടർന്ന് കോടതിയിൽ വെച്ച് തന്നെ പരാതിക്കാരനിൽ നിന്ന് സൗജന്യ പാസിനാവശ്യമായ റസിഡെൻഷ്യൽ സർട്ടിഫിക്കറ്റ് ഒഴികെയുള്ള രേഖകൾ കൈപ്പറ്റി സൗജന്യ പാസ് അനുവദിക്കുകയും ചിലവിലേക്ക് ഹർജിക്കാരന് 2500 രൂപ നൽകി പരാതി അവസാനിപ്പിക്കുകയും ചെയ്തു. ഇതനുസരിച്ച് പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി മുമ്പാകെ പരാതിക്കാരനും സത്യവാങ്മൂലം സമർപ്പിച്ച് ഹർജി അവസാനിപ്പിച്ചു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി ബെന്നി ഹാജരായി.

Back to top button
error: