ജ്ഞാൻവാപി മസ്ജിദിൽ നടത്തിയ സർവേയുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും പരസ്യപ്പെടുത്തരുതെന്ന് കോടതി. വരാണസി ജില്ലാ കോടതിയുടേതാണ് ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവിട്ടു.
സർവേ റിപ്പോർട്ടിന്റെ പകർപ്പുകൾ കക്ഷികൾക്ക് നൽകിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ ഇവ പരസ്യപ്പെടുത്തരുതെന്ന നിർദേശത്തോടെയാണ് കഴിഞ്ഞ ദിവസം നൽകിയത്. സാമുദായിക ഐക്യം കണക്കിലെടുത്ത് റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കണം എന്നാണ് ജില്ലാ ജഡ്ജി എ.കെ വിശ്വേശ് നിർദേശം. റിപ്പോർട്ടിനോടുള്ള എതിർപ്പ് അറിയിക്കാനാണ് അവ നൽകിയത്. മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
സർവേ റിപ്പോർട്ടിലെ വിവരങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടാൻ അനുവദിക്കണമെന്ന് കേസിലെ ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ മസ്ജിദ് പരിപാലന സമിതി ശക്തമായി എതിർത്തു. തുടർന്നാണ് കേസിലെ വൈകാരികത കണക്കിലെടുത്ത് ഹർജിക്കാരുടെ ആവശ്യം തള്ളി കോടതി ഉത്തരവിറക്കിയത്.